Wednesday, September 26, 2012

Movie Review - Trivandrum Lodge Movie


ഏറെക്കുറേ ഉപേക്ഷിക്കപ്പെട്ട മട്ടിൽ നിലകൊള്ളുന്ന ട്രിവാൻഡ്രം ലോഡ്‌ജ് എന്ന കൊച്ചിയിലെ ഒരു ഇടത്താവളവും അവിടുത്തെ അന്തേവാസികളുടെ ലൈംഗികഭ്രമങ്ങളുമാണ് ഈ സിനിമയുടെ മുഖ്യപ്രമേയം. രവി ശങ്കർ (അനൂപ് മേനോൻ) എന്ന പണക്കാരനാണ് ഇതിന്റെ ഉടമ. ഭാര്യ (ഭാവന) മരിച്ച ശേഷം മകനൊപ്പം താമസിക്കുന്ന രവിശങ്കർ ലോഡ്‌ജിന്റെ നടത്തിപ്പിൽ ഇടപെടാറേയില്ല. അടങ്ങാത്ത ലൈംഗികത്വരയുമായി നടക്കുന്ന അബ്‌ദു (ജയസൂര്യ), ആ ത്വര അടക്കാൻ കിട്ടുന്നവരെയൊക്കെ ഉപയോഗിക്കുന്ന സിനിമ റിപ്പോർട്ടർ (സൈജു കുറുപ്പ്), 999 സ്‌ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ട് ആയിരാമത്തെ പെണ്ണായി യൂണിഫോമിട്ട ഒരു വനിതാ പൊലീസുകാരിയെ മോഹിച്ച് കഴിയുകയാണെന്ന് അഭിമാനിക്കുന്ന വക്കീൽ (പി ബാലചന്ദ്രൻ), സംഗിതാധ്യാപകനായ റെൽറ്റൺ (ജനാർദ്ദനൻ), ഇവർക്ക് വെച്ചുവിളമ്പിക്കൊടുക്കുന്ന പാചകക്കാരി (സുകുമാരി) തുടങ്ങിയ ലോഡ്‌ജിലെ അന്തേവാസികൾക്കിടയിലേക്ക് ധ്വനി നമ്പ്യാർ (ഹണി റോസ്) എന്ന വിവാഹമോചിതയായ എഴുത്തുകാരി താമസിക്കാനെത്തുന്നു. എഴുത്തുകാരിക്ക് രണ്ടാണ് ലക്ഷ്യം: ഒന്ന്, ഈ പശ്ചാത്തലത്തിൽ ഒരു നോവലെഴുതണം. രണ്ട്, ഒരു 'തറ' ആണിന്റെ കൂടെ കിടക്കണം.

കന്യക എന്ന പേരുള്ള വേശ്യ (തെസ്‌നി ഖാൻ), മണ്ടനും പണക്കാരനുമായ ഭർത്താവിന്റെ അതിലൈംഗികതയിൽ അഭിമാനിക്കുന്ന ഭാര്യ (ദേവി അജിത്ത്), തൂവാനത്തുമ്പികളിലെ തങ്ങളുടെ തുടർച്ചയായി കാണിക്കുന്ന കൂട്ടിക്കൊടുപ്പുകാരൻ (ബാബു നമ്പൂതിരി), ഭാര്യയുടെ അവിഹിതബന്ധങ്ങളിൽ മനം മടുത്ത് വീടുവിട്ടിറങ്ങിപ്പോയ ഹോട്ടൽ നടത്തിപ്പുകാരൻ (ഗായകൻ പി ജയചന്ദ്രൻ) തുടങ്ങി നിരവധി കഥാപാത്രങ്ങൾ വേറെയുമുണ്ട്.

WARNING
ഈ സിനിമയെ ഉപമിക്കാൻ ഒറ്റ സാധനമേ മനസ്സിൽ വരുന്നുള്ളു: ഒന്നാന്തരം ആർട്ട് പേപ്പറിൽ കമനീയമായി അച്ചടിച്ച അശ്ലീലപുസ്‌തകം! കുടുംബത്തിനൊപ്പം കാണാവുന്ന ഒരു സിനിമയല്ല ട്രിവാൻഡ്രം ലോഡ്‌ജ്. അശ്ലീലപുസ്‌തകങ്ങൾ ഒരിക്കലെങ്കിലും കാണാത്തവർ വളരെ വളരെ കുറവായിരിക്കും. പക്ഷേ, പതിവു വായനക്കാർ പോലും ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ ഈ സാധനങ്ങൾ കൊണ്ടുചെന്ന് കൊടുക്കാറില്ലല്ലോ.

FIRST IMPRESSION
പി ചന്ദ്രകുമാറിന്റെയും കെ എസ് ഗോപാലകൃഷ്‌ണന്റെയും ആർ ജെ പ്രസാദിന്റെയുമൊക്കെ ക്ലബ്ബിലേക്ക് വി കെ പ്രകാശ് പ്രകമ്പിതനായി അനൂപ് മേനോന്റെ കൈയും പിടിച്ച് കയറിപ്പോകുന്ന ഒന്നാന്തരം Adults Only സിനിമയാണ് ട്രിവാൻഡ്രം ലോഡ്‌ജ്.

എന്നാൽ മുൻഗാമികളുടേതിൽ നിന്ന് കുറച്ച് വ്യത്യസ്‌തമാണ് പ്രകാശിന്റെ പാത. ഇറച്ചി തൂങ്ങിയ തടിച്ച ശരീരങ്ങൾ പ്രദർശിപ്പിക്കുന്ന സ്‌ത്രീകളോ അറപ്പു തോന്നുന്ന മട്ടിൽ ഇണ ചേരുന്ന കഥാപാത്രങ്ങളോ ബലാത്സംഗം പോലെയുള്ള എഴുപത്-എൺപതുകളിലെ അളിപിളി ചേരുവകളോ ഇല്ല. അരിയാട്ടലും മുറ്റമടിക്കലും കുളിക്കലും മഴ നനയലുമൊന്നുമില്ല. അതിനു പകരം, നിലവാരമുള്ള ദൃശ്യങ്ങൾ, നിലവാരമുള്ള സംഗീതം, സുന്ദരമായ പശ്ചാത്തലം, പണക്കൊഴുപ്പ് വേണ്ടിടത്ത് പണക്കൊഴുപ്പ്.. അങ്ങനെ ഒരു നല്ല സിനിമയുടെ പുറന്തോടുണ്ട് ഈ സോഫ്റ്റ് പോൺ ഉല്പന്നത്തിന്.

എന്നാൽ, പുറന്തോടിനുള്ളിൽ ഒളിച്ചിരിക്കുന്നത് കാമവും ലൈംഗിക അരാജകത്വവും മാത്രം. സംഭാഷണങ്ങളിലുമുണ്ട് വ്യാപകമായി ലൈംഗികച്ചുവ. അളിപിളി ഡയലോഗുകൾ ധാരാളം. (നായിക നായകനോട്: എന്റെ ഏതു ഭാഗമാണ് നിനക്ക് ഏറ്റവും ഇഷ്‌ടം? നായകൻ: കുണ്ടി. അപ്പോൾ ചാരിതാർത്ഥ്യമടയുന്ന നായികയുടെ മുഖം ക്ലോസപ്പിൽ!)

പ്രദീപ് നായരുടെ ക്യാമറയും ബിജി ബാലിന്റെ പശ്ചാത്തലസംഗീതവും ഗൗരവമുള്ള ഒരു സിനിമയുടെ മുഖംമൂടി ട്രിവാൻഡ്രം ലോഡ്‌ജിന് നൽകാൻ സംവിധായകനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ക്ലോസ് ഷോട്ടുകൾ നിറഞ്ഞ വളരെ വ്യത്യസ്‌തമായ ഒരു ദൃശ്യഭാഷ ഈ സിനിമയുടെ സവിശേഷതകളിലൊന്നായി സാധാരണ പ്രേക്ഷകർക്കു പോലും അനുഭവപ്പെടും.

കാര്യമായൊരു കഥയോ പറയത്തക്ക യുക്തിയോ ഇല്ലെങ്കിലും പ്രേക്ഷകനെ ഒന്ന് ഇളക്കാനുള്ള ചേരുവകളെല്ലാമുള്ള അനൂപ് മേനോന്റെ തിരക്കഥയും വി കെ പ്രകാശിന് തുണയായി. (സിനിമയേക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെങ്കിലും കൈയിൽ കിട്ടുന്ന തിരക്കഥ കാണാൻ കൊള്ളാവുന്ന വിഷ്വലുകളാക്കാൻ ഈ പരസ്യസംവിധായകൻ പണ്ടേ മിടുക്കു തെളിയിച്ചിട്ടുണ്ട്. തിരക്കഥ നന്നായാൽ സിനിമയും നന്നാവും; അതു കുളമായാൽ ഇതും കുളമാകും.)

കുടുംബത്തിന്റെ ഭാരമൊന്നുമില്ലാതെവരുന്ന പുരുഷന്മാർക്ക് രസകരമായി തോന്നുന്ന പലതും ട്രിവാൻഡ്രം ലോഡ്‌ജിലുണ്ട്. എന്നാൽ, സ്‌ത്രീകൾക്ക് അതൊക്കെ രസകരമാകുമോ എന്ന് സിനിമ കണ്ട സ്‌ത്രീകളോടു ചോദിക്കേണ്ടിവരും. (വനിതാവായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു.)

അഭിനേതാക്കൾ നല്ല നിലവാരം പുലർത്തി; പ്രത്യേകിച്ച് ജയസൂര്യ. (ജയസൂര്യക്ക് അഭിനയിക്കേണ്ടിവന്നില്ല എന്ന് പറഞ്ഞാൽ അത് ഒരുപക്ഷേ derogatory ആയേക്കാം! അതുകൊണ്ട് പറയുന്നില്ല.) വ്യത്യസ്‌തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും, ഹണി റോസ്, പി ബാലചന്ദ്രൻ, പി ജയചന്ദ്രൻ, സൈജു കുറുപ്പ് എന്നിവരേയും ഇഷ്‌ടമായി.

തിരക്കഥാകൃത്ത് പെണ്ണു കെട്ടാത്തതിന്റെ എല്ലാ കുഴപ്പങ്ങളും ഈ സിനിമയ്‌ക്കുമുണ്ട്. അവിവാഹിതനായ ഒരു ശരാശരി മലയാളി പുരുഷന്റെ ഫാന്റസികളിലാണ് ഈ സിനിമയത്രയും കെട്ടിപ്പൊക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരുത്തന്റെ കൂടെ കിടക്കാൻ മുട്ടി നടക്കുന്നവരാണ് പെണ്ണുങ്ങൾ എന്ന ഹൈപൊതെസിസിന് ആണിന്റെ അരാജകഭാവനയുടെ പിൻബലം മാത്രമേയുള്ളു എന്നറിയാൻ മനഃശാസ്‌ത്രത്തിൽ പി എച്ച്ഡി ഒന്നും എടുക്കണ്ട; പെണ്ണിനോട് മനസ്സു തുറന്നു സംസാരിച്ചാൽ മതി. (സംവിധായകൻ പെണ്ണു കെട്ടിയതാണോ ആവോ!)

SECOND THOUGHTS
ആണുങ്ങൾ മാത്രം താമസിക്കുന്ന കേരളത്തിലെ ഏതു ലോഡ്‌ജിലാണ് ഒരു പെണ്ണിനു താമസിക്കാൻ പറ്റുക; അതിന് എത്ര ഭ്രാന്തുണ്ടെന്നു പറഞ്ഞാലും? ആ ലോഡ്‌ജിൽ താമസിക്കാൻ പറ്റാത്ത ഞരമ്പുരോഗികളും അസൂയാലുക്കളുമായ മലയാളി പുരുഷന്മാർ പരാതി കൊടുത്തോ പ്രകടനം നടത്തിയോ ലോഡ്‌ജ് പൂട്ടിക്കും. മലയാളി പുരുഷന്മാർക്കിടയിൽ നിന്ന് പി എസ് സി തിരഞ്ഞെടുത്ത് ബ്രിട്ടീഷ് കാലത്തെ സിലബസനുസരിച്ച് പരിശീലിപ്പിച്ചെടുക്കുന്ന മലയാളി പൊലീസുകാർ അവിടെ കയറി നിരങ്ങുകയും ചെയ്യും.

ഈ തറ ലോഡ്‌ജ് രവിശങ്കർ നടത്തിക്കൊണ്ടുപോകുന്നത് അങ്ങേരുടെ മരിച്ചു പോയ ഭാര്യക്കു കൊടുത്ത വാക്ക് പാലിക്കാനാണത്രേ! ലൈംഗികഭ്രാന്തന്മാർക്കും ഞരമ്പുരോഗികൾക്കും താമസിക്കാനായി നമുക്കൊരു ലോഡ്‌ജ് നടത്തണം ചേട്ടാ എന്നായിരിക്കുമോ ആ സഹോദരി മരിക്കുന്നതിനു മുൻപ് ഭർത്താവിനോട് പറഞ്ഞത്? ആർക്കറിയാം!

മുൻപ് രണ്ടോ മൂന്നോ മലയാളസിനിമകളിൽ കണ്ടിട്ടുള്ള ഹണി റോസാണ് ഈ സിനിമയിലെ ധ്വനി നമ്പ്യാർ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് ലിസ്‌റ്റിൽ ഹണി റോസ് എന്ന പേരില്ല, പകരം നടിയുടെ പേരും ധ്വനി എന്നാണ് കാണിച്ചിരിക്കുന്നത്. വി കെ പ്രകാശ് കെ എസ് ഗോപാലകൃഷ്‌ണന്റെ വേഷത്തിൽ വന്നതുപോലൊരു ഭാവാന്തരം! ഏതായാലും, ഫഹദ് ഫാസിലിനും രമ്യ നമ്പീശനും ശേഷം മലയാളത്തിലെ ന്യൂ ജനറേഷൻ അവിഹിതസിനിമക്കാർക്ക് ഒരു ഐക്കൺ കൂടി ലഭിച്ചിരിക്കുന്നു.

EXTRA
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ എന്റെ മുന്നിലുണ്ടായിരുന്നയാളോട് അടുത്ത ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുന്ന മധ്യവയസ്‌കൻ: ഇതു പിള്ളേരുടെ കൂടെ കാണാവുന്ന പടമാണോ?
എന്റെ മുൻഗാമി: എന്റെ പൊന്നുചേട്ടാ, ഭാര്യയുടെ കൂടെ പോലും കാണരുത്… പിന്നെയല്ലേ പിള്ളേര്!

LAST WORD
ഈ സിനിമയ്‌ക്ക് U/A സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് അംഗങ്ങളെ ഓടിച്ചിട്ട് ചാണകത്തിൽ മുക്കിയ ചൂലു കൊണ്ട് അടിക്കണം. വിഷ്വലുകളിൽ നഗ്നതയുണ്ടെങ്കിൽ മാത്രമാണ് A സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ടതെന്ന് ധരിച്ചിരിക്കുന്ന പോത്തുകളെ കുത്തിനിറച്ചാണ് നമ്മുടെ സെൻസർ ബോർഡ് ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ ആ ബോർഡ് തന്നെ അങ്ങു സെൻസർ ചെയ്‌തു കളയുന്നതാണ് നല്ലത്.

0 comments:

Post a Comment