Thursday, August 2, 2012

സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്



സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്,
ആദ്യം തന്നെ ഒരപേക്ഷയുണ്ട്.
ഈ കത്ത്‌ ചുമ്മാ എന്കിലും ഒന്ന് വായിച്ചിട്ട് മാത്രമേ കീറി കളയാവൂ. പ്ലീസ്........

ഗ്രെയ്സ് മേരി എന്നെ വെറും തറയായാണോ കാണുന്നത് എന്നൊരു സംശയം ഈയിടെയായി എനിക്ക് തോന്നുന്നുണ്ട്. അതെന്റെ കുഴപ്പമാണോ അതോ ഇനി ഗ്രെയ്സ് മേരിയുടെ നോട്ടത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. പക്ഷേ ഗ്രെയ്സ് മേരി ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഗ്രെയ്സ് മേരിയെ ഞാനൊരിയ്ക്കലും ഒരു തറയായി ഇന്നേവരെ കണ്ടിട്ടില്ല. നേരു പറഞാല്‍ ഗ്രെയ്സ്മേരിയുടെ സൗന്ദര്യത്തില്‍ ഞാന്‍ എപ്പോഴും ലയിച്ച് പോകാറാണു പതിവ്. എന്നാ ഒടുക്കത്തെ സൗന്ദര്യമാണു ഗ്രെയ്സ് മേരിയുടേത്. ഉള്ളതു പറയാമല്ലോ ഗ്രെയ്സ് മേരിയ്ക്ക് മഴയത്തും വെയിലത്തും മാറാത്ത ഭംഗിയാണ്‌. ഇത്രയും സുന്ദരിയായ ഗ്രെയ്സ്മേരി എന്റെ കാമുകിയാകുന്നതില്‍ എനിക്കൊരു വിരോധവുമില്ല. കാരണം ഗ്രെയ്സ് മേരിയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ്‌. ഗ്രെയ്സ് മേരി എന്നെ ഒന്ന് നോക്കുന്നതും, എന്നോടൊന്നു സംസാരിക്കുന്നതും മാത്രം പ്രതീക്ഷിച്ചാണു ഞാന്‍ കോളേജില്‍ വരുന്നത്. അല്ലാതെ പഠിച്ചു പാസായി വല്യ കൊണാണ്ടര്‍ ആകാമെന്ന് കരുതിയിട്ടല്ല. ഗ്രെയ്സ് മേരിയ്ക്ക് ചിലപ്പോള്‍ ഞാന്‍ വെറുമൊരു "താനാരുവാ" ആയിരിക്കും. പക്ഷേ എനിക്ക് ഗ്രെയ്സ്മേരി അങ്ങനെയല്ല. ഗ്രെയ്സ് മേരിയെ എന്റെ ഹ്രിദയത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ നടക്കുന്നില്ല. ഗ്രെയ്സ് മേരി വല്ല കോക്രോച്ചോ, കീഠാണുവോ മറ്റോ ആയിരുന്നെങ്കില്‍ ഹിറ്റ് അടിച്ചെന്കിലും ഗ്രെയ്സ് മേരിയെ മനസില്‍ നിന്നും ഇല്ലാതാക്കാമായിരുന്നു. പക്ഷേ ഗ്രെയ്സ് മേരി ഹിറ്റ് അടിച്ചാലും പോകാത്തത്ര സൂപ്പര്‍ ഹിറ്റായി എന്റെ മനസ്സില്‍ കിടന്ന് ഓടുകയാണ്.


ഗ്രെയ്സ് മേരിയ്ക്കറിയാമോ ഗ്രെയ്സ് മേരീ, ഗ്രെയ്സ് മേരി എന്നെയൊന്ന് ഇഷ്ട്ടപ്പെടുവാന്‍ വേണ്ടി
ഞാന്‍ എന്നും രാത്രി സൈക്കിള്‍ അഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിക്കാറുണ്ട്. സൈക്കിള്‍ അഗര്‍ബത്തിയ്ക്ക് പണ്ടത്തേപ്പോലുള്ള ശക്തിയില്ലാഞ്ഞിട്ടോ, അതോ കര്‍ത്താവിനു സാംബ്രാണി ഇഷ്ട്ടമല്ലാഞ്ഞിട്ടോ എന്തോ, ഗ്രെയ്സ്മേരി മാത്രം എന്നെ ഇഷ്ട്ടപ്പെടുന്നില്ല. അഗര്‍ബത്തി കത്തിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നിന്നാരും പ്രാര്‍ത്തിയ്ക്കാറില്ലെങ്കിലും ഞാന്‍ അതും പരീക്ഷിച്ച് നോക്കിയത് എനിക്ക് സൈക്കിള്‍ അഗര്‍ബത്തിയിലുള്ള വിശ്വാസം കൊണ്ടല്ല ഗ്രെയ്സ്മേരീ. നിന്നെ എങ്ങനേയും എന്റെ സ്വന്തമാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്‌.

ഇപ്പോള്‍ ഇങ്ങനെയൊരു കത്ത്‌ എഴുതാന്‍ കാരണം എന്താണെന്നു വെച്ചാല്‍, വരുന്ന പരീക്ഷക്ക് ഗ്രെയ്സ് മേരി തോല്‍ക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രമാണ്. ഗ്രെയ്സ് മേരി ഇന്നലെ ജീനയോട് പറഞ്ഞില്ലേ "ഒന്നും അങ്ങോട്ട് ഓര്‍മയില്‍ നില്‍ക്കുന്നില്ല, അതുകൊണ്ടു എക്സാമിന് പൊട്ടാന്‍ ചാന്‍സുണ്ട്" എന്ന്. ഇന്നലെ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഗ്രെയ്സ് മേരിയുടെ തൊട്ടടുത്ത്, ഒരു ഇരുപതടി മാറി നില്‍പ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ഗ്രെയ്സ് മേരി പൊട്ടുമെന്നു കേട്ടപ്പോള്‍ എന്റെ ചങ്ക് പൊട്ടി. ഗ്രെയ്സ് മേരിയുടെ ഓര്‍മ ശക്തി കൂട്ടാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ഗ്രെയ്സ് മേരീ, ഞാന്‍ പറഞ്ഞു തരാം. തുളസിയില അരച്ചെടുത്ത് കറ്റാര്‍വാഴപ്പോളയില്‍ ചാലിച്ച്, ഗോ മൂത്രവും നാരങ്ങാ അച്ചാറും സമാസമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കോഴിക്കാട്ടത്തില്‍ മിക്സ് ചെയ്ത് ചാണക വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ബുദ്ധിയും ശക്തിയും വര്‍ദ്ധിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുക. അതല്ലെങ്കില്‍ സന്തോഷ് പാണ്ടിയോ സന്തോഷ് ബ്രഹ്മിയോ വാങ്ങി കഴിക്കുക. ബുദ്ദിയ്ക്കും, ശക്തിയ്ക്കും, ഉണര്‍വിനും, ഉന്മേഷത്തിനും സന്തോഷ് ബ്രഹ്മി നല്ലതാണ്‌.

ജീനയുമായുള്ള സംസാരമെല്ലാം കഴിഞ്ഞ്, ഗ്രെയ്സ് മേരി ഇന്നലെ കോളേജ്‌ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍, മനോരമയുടെ പത്രമോഫീസ് മുതല്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ഓഫീസ് വരെ ഞാന്‍ ഗ്രെയ്സ് മേരിയെ പിന്തുടര്‍ന്നിരുന്നു. ഗ്രെയ്സ് മേരി ആ മണ്ടയില്ലാത്ത ബസ്സ്റ്റോപ്പില്‍, പൊരി വെയിലത്ത് കെ.എസ്.ആര്‍.ടി.സി ബസ് കാത്തു നില്‍ക്കുന്നതും, ഒടുവില്‍ തുരുമ്പിച്ച ഓര്‍ഡിനറി ബസില്‍ കയറി പോകുന്നതും കണ്ടു എന്റെ കണ്ണ് നിറഞ്ഞു. സത്യത്തില്‍ ഗ്രെയ്സ് മേരി എന്നോട് കൂട്ടായിരുന്നെങ്കില്‍ ഇത്രയും ബ്യൂട്ടിയായ ഗ്രെയ്സ് മേരിയെ ഞാന്‍ എന്റെ സ്കൂട്ടിയില്‍ കയറ്റി ഊട്ടി വരെ കൊണ്ടു പോയേനെ.

ഗ്രെയ്സ് മേരി എന്നെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഓരോ ലഡ്ഡു പൊട്ടും. പക്ഷേ ഗ്രെയ്സ് മേരി ആ സതീശനെയോ ജോണ്‍സനെയോ നോക്കുമ്പോഴെല്ലാം എന്‍റെ ചങ്ക് പൊട്ടും. ഈ വക ആധികളും, വ്യാധികളും കാരണം വരാന്‍ പോകുന്ന സപ്ലിമെന്ററി പരീക്ഷയിലും ഞാന്‍ പൊട്ടും.
അങ്ങനെ സംഭവിച്ചാല്‍ അപ്പന്റെ കയ്യീന്ന് എന്റെ മുഖത്തൊരെണ്ണം പൊട്ടും. അന്നേരം ചിലപ്പോള്‍ എന്റെ വായിലെ പല്ല്‌ പൊട്ടും. അതോടെ ചിലപ്പോള്‍ എന്റെയീ വണ്‍വേ ലൈനും പൊട്ടും. എല്ലാം കൊണ്ടും വലിയൊരു പൊട്ടല്‍ ഇതിന്റെ ക്ലൈമാക്സില്‍ എന്നെ കാത്തിരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല. എല്ലാം ഒരു പൊട്ടല്‍ ആയി കലാശിച്ചാലും ഗ്രെയ്സ്മേരി എന്നെയൊരു പൊട്ടന്‍ ആയി കണക്കാക്കരുതേ എന്നൊരപേക്ഷ മാത്രമേ ഈ പാവം മാത്തുക്കുട്ടിയ്ക്കുള്ളു.

ഇതിനെങ്കിലും ഗ്രെയ്സ്മേരി ഒരു മറുപടി തരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തരില്ലേ ഗ്രെയ്സ് മേരീ. തരണം. തരാതിരിയ്ക്കരുത്. തരാതരം മറുപടികള്‍ തരം തിരിച്ച് കൊടുക്കാന്‍ കെല്പ്പുള്ള ഗ്രെയ്സ്മേരി ഇതിനുള്ള മറുപടി തരാതിരിയ്ക്കില്ല എന്നെന്റെ മനസ് പറയുന്നു.

മറ്റൊന്നും എഴുതാനില്ല. തല്‍ക്കാലം ഈ കത്ത് ഇവിടെ നിര്‍ത്തുന്നു. മറുപടി പ്രതീക്ഷിച്ച് കൊണ്ട്...
സ്വന്തം
മാത്തുക്കുട്ടി
ഒപ്പ്.

ഫ്രം:
പീ.പീ. മാത്തുക്കുട്ടി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


ടു:
ഗ്രെയ്സ് മേരി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


Read More

ആരോഗ്യത്തിന് ഉചിതം ജൈവാഹാരം

 

1. ഉചിതം ജൈവാഹാരം

ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിലേയ്ക്കുതിരിയുന്നത് ആരോഗ്യത്തിനും ഭൂമിക്കും ഗുണകരമാണ്. വിലവര്‍ധന കാരണം എല്ലായിപ്പോഴും ഇവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. 50ശതമാനം മുതല്‍ 100 ശതമാനംവരെ വിലകൂടുതലാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി അവയെങ്കിലും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാകും ഉചിതം.

 

2. ജൈവ ആപ്പിള്‍

നാരുകളേറെയടങ്ങിയ പഴമാണ് ആപ്പിള്‍. തൊലികളയാതെ കഴിക്കുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുക. കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയവ തടയാന്‍ കഴിവുള്ള ബീറ്റ കരോട്ടിന്‍ പോലുള്ളവ ആപ്പിളിന്റെ തൊലിയിലാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കീടനാശിനികള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ളതും തൊലിയില്‍തന്നെയാണ്. അതിനാല്‍തന്നെ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കുകയാകും ഉചിതം. കൂടുതല്‍ വിലനല്‍കി ഇവ വാങ്ങാന്‍ കഴിയാത്തവര്‍ നന്നായി കഴുകി ഉപയോഗിക്കേണ്ടതാണ്. പൈപ്പിനടിയില്‍ വെച്ച് വെള്ളം തുറന്നുവിട്ട് ശക്തിയായി അമര്‍ത്തി കഴുകിയെടുത്താല്‍ കീടനാശിനിയുടെ അളവ് കുറക്കാന്‍ കഴിയും.

 

3. കാപ്‌സിക്കം, മല്ലിയില

കാപ്‌സിക്കം പോലുള്ള മുളകുകള്‍, മല്ലിയില, പുതിനയില തുടങ്ങിയ ഇലക്കറികള്‍ തുടങ്ങിയവയില്‍ വളരെയധികം കീടനാശിനികള്‍ ഉണ്ടാകും. കീടനാശിനിയുടെ അളവുകൂടുതലുള്ളതിനെ വേര്‍തിരിച്ചുകാണിക്കുന്ന 'ഡെര്‍ട്ടി ഡസ'നില്‍പ്പെട്ട ഭക്ഷ്യവിഭവങ്ങളാണിവ. 2004-ല്‍ അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 49 തരം കീടനാശിനികള്‍ ഇവയില്‍നിന്ന് കണ്ടെത്തിയിരുന്നു. കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവയില്‍ ഇപ്പോഴും തെളിക്കുന്നവ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതാണ്.

 

4. സ്‌ട്രോബറീസും ചെറികളും

സ്‌ട്രോബറി, പ്ലം, ചെറി തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങളില്‍ കീടനാശിനികളുടെ അളവ് ഏറെയാണെന്ന് ശ്രസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉല്‍പാദിപ്പിച്ചവ വാങ്ങുന്നതുവഴി കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ കഴിയും. പ്രാദേശികമായി കൃഷിചെയ്‌തെടുത്തവ കൂടുതല്‍ ' ഫ്രഷ്' ആയിരിക്കുകയും ചെയ്യും.

 

5. പിയര്‍

മാര്‍ദ്ദവമുള്ള തൊലിയുള്ള പിയര്‍ പോലുള്ള പഴങ്ങളിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും ജനസമിതിനേടിയ പഴമാണിത്. കലോറി കുറഞ്ഞതായതിനാല്‍ സ്‌നാക്‌സുകള്‍ക്കു പകരമായി ധാരാളം ഇവ ഉപയോഗിച്ചുവരുന്നു. അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 30 തരം കീടനാശിനികളാണ് ഈ പഴങ്ങളില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ മാത്രം ഉപയോഗിക്കുകയാകും ഉചി

 

6. മുന്തിരി

വൈറ്റമിന്‍ സിയും കെയും മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലാണെങ്കില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ നല്ലതാണ്. അതിനാല്‍തന്നെ മുന്തിരി നമ്മുടെ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല. പക്ഷേ, കീടനാശിനികള്‍ ഏറെതെളിക്കുന്നതും അവയെല്ലാം കഴുകികളയാന്‍ ബുദ്ധിമുട്ടുള്ളവയുമാണ് ഈ പഴങ്ങള്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭക്ഷിക്കാന്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവതന്നെയാണ് ഉചിതം. അല്ലാത്ത പക്ഷം വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് ഏറെനേരം വെച്ച് നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

 

7. ചീര, കാബേജ്

പ്രോട്ടീന്‍, വൈറ്റമിന്‍ എ, സി, ഇ, കെ, ബി6 എന്നിവയും കാല്‍സ്യം, അയേണ്‍, മഗ്നീസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയതാണ് ചിര. പക്ഷേ, 57തരം കീടനാശിനികള്‍ ചിരയിലും 51തരം കീടനാശിനികള്‍ കാബേജിലും അടങ്ങിയിട്ടുണ്ടെടന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവയോ സ്വന്തം തൊടിയില്‍ നട്ടുവളര്‍ത്തിയവയോ ഉപയോഗിക്കുന്നതാ
ണ് ഉചിതം.

 

8. ഉരുളന്‍കിഴങ്ങ്, കാരറ്റ്

വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, മാംഗനീസ്, നാരുകള്‍ എന്നിവ അടങ്ങിയതാണ് ഇവ. പാതിവേവിച്ച ഉരുളന്‍കിഴങ്ങില്‍ 161 പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാരറ്റിലാകട്ടെ വൈറ്റമിന്‍ എ, കെ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ് കാരറ്റും ഉരുളന്‍കിഴങ്ങും. അതിനാല്‍തന്നെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

 

9. പാല്

പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് ഹോര്‍മോണുകള്‍(rBGH) ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യന് ഹാനികരമാണോ? ശാസ്ത്രജ്ഞരുടെ അഭിപ്രായം ഹാനികരമല്ലെന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ പാല്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ച പാലാണ് നല്ലത്. അവ എവിടെ ലഭിക്കുമെന്നത് തികച്ചും പ്രാദേശികമായ കാര്യമാണ്.

 

10. ഇറച്ചി

ഫാമുകളില്‍ വളര്‍ത്തുന്ന മാടുകളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നത് വ്യാപകമാണ്. പെട്ടന്ന് വളരുന്നതിനും തടിച്ചുകൊഴുക്കുന്നതിനുമാണിത്. മനുഷ്യന് ഇത് ഹാനികരമാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ പഠനങ്ങളൊന്നും വന്നിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന ഇറച്ചികള്‍ ഇത്തരത്തിലുള്ളതാകാനുള്ള സാധ്യത കൂടുതലാണ്.

 

12. ബേബി ഫുഡ്

കുട്ടികളുടെ പ്രതിരോധശേഷി വികസിക്കാത്തതിനാല്‍ മുതിര്‍ന്നവരേക്കാള്‍ കീടനാശിനികള്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാം. ടിന്നിലട്ച്ച് ലഭിക്കുന്നവയേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തവ മാത്രം നല്‍കുന്നതാണ് ഏറ്റവും നല്ലത്. മുലപ്പാലാണ് ഏറ്റവും യോജിച്ചത്. റാഗി, ഗോതമ്പ് തുടങ്ങിവ ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് നല്‍കുക.

 

13. ജൈവ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുക

ജൈവഉല്‍പ്പന്നങ്ങളാണെന്ന വ്യാജേന വപണിയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ലഭിക്കും. വ്യക്തമായ സര്‍ട്ടിഫിക്കേഷനാണ് തിരിച്ചറിയാനുള്ള ഏക പോംവഴി. പാക്കറ്റുകള്‍ക്കുപുറത്ത് വ്യക്തമായി ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയി

 

14. പ്രാദേശികമായി വികസിപ്പിച്ചവ

പ്രാദേശികമായി കൃഷിചെയ്യുന്ന നിരവധി പച്ചക്കറികളും പഴങ്ങളും ലഭ്യമാണ്. തൊലികളഞ്ഞ് ഉപയോഗിക്കുന്നവയായ പപ്പായ, വാഴപ്പഴം, മാമ്പഴം, കൈതച്ചക്ക, സവോള, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി വിളകള്‍ നമുക്ക് ലഭ്യമാണ്. ഇവയില്‍ കീടനാശിനി ഉണ്ടെങ്കില്‍തന്നെ നമ്മെ ബാധിക്കില്ലെന്ന് അ

 

16. ജൈവ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയുക

* 100ശതമാനം ഓര്‍ഗാനിക്: ക്രിത്രിമവസ്തുക്കളൊന്നും ഉപയോഗിക്കാത്തവയാണിവ.

* ഓര്‍ഗാനിക്: 95 ശതമാനം ജൈവകൃഷിയിലൂടെ സംസ്‌ക്കരിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍.

* മെയ്ഡ് വിത്ത് ഓര്‍ഗാനിക് ഇന്‍ഗ്രീഡിയന്റസ്: 70ശതമാനം ജൈവരീതിയില്‍ വികസിപ്പിച്ചതായിരിക്കും ഇവ.

* ബീഫ്, ചിക്കന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ 'ഓര്‍ഗാനിക്' ആണെങ്കില്‍ ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ചവയാകും.

 

17. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ലഭിക്കുന്നു. പ്രാദേശികമായി കൃഷിചെയ്യുന്നവയാണെങ്കില്‍ കീടനാശിനിയില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. സ്വന്തം തൊടിയിലോ, അല്ലെങ്കില്‍ നാം നേരിട്ട് കാണുന്ന കൃഷിയിടങ്ങളിലൊ ആകുമ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാം.

ഹെല്‍ത്ത് ഡസ്‌ക്

കടപ്പാട് മാതൃഭൂമി


Read More

ടെന്‍ഷനകറ്റാനും കുറുക്കുവഴികള്‍



 

1. സ്വയം വിശകലനം ചെയ്യുക

പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്‍ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്‍ഷന്റെ മൂലകാരണം എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്‍ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്‍ഷന്‍ ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്‌നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്‍ഷന്‍ അതിജീവിക്കാനാകും.

 

2. നെടുവീര്‍പ്പിടുക

എന്തെങ്കിലും മനപ്രയാസമുണ്ടാകുമ്പോള്‍ സ്വയമറിയാതെ നാം നെടുവീര്‍പ്പിടാറുണ്ട്. നെടുവീര്‍പ്പിലൂടെ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.


 

3. ശ്വസനവ്യായാമങ്ങള്‍

ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്‍ന്നിരിക്കുക.
വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക.
ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് നിറയ്ക്കുക.
ഉള്ളില്‍ ശ്വാസംനിറഞ്ഞുകഴിഞ്ഞാല്‍ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്.
എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.

 


 

4. പ്രാണായാമം

നാഡീശുദ്ധീപ്രാണായാമം: ച്രമംപടിഞ്ഞ് നിവര്‍ന്നിരിക്കുക. ഉള്ളിലെ ശ്വാസം പൂര്‍ണമായി ഉച്ച്വസിച്ചുകളയുക. വലതുകയ്യുടെ പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനത്തില്‍ ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞാല്‍ മൂക്കിന്റെ ഇടത്തെ ദ്വാരം അടച്ച് വലതുമൂക്കിലൂടെ സാവധാനത്തില്‍ ശ്വാസം പുറത്തുവിടുക. ശ്വാസം ഉള്ളിലേയ്‌ക്കെടുത്തതിന്റെ ഇരട്ടി സമയംകൊണ്ടാണ് ശ്വാസം പുറത്തുവിടേണ്ടത്. വീണ്ടും മൂക്കിന്റെ ഇടത്തെദ്വാരം അടച്ചുപിടിച്ച് വലതുദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ നാലുതവണ ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. സാവധാനം ഇത് അഭ്യസിച്ചുതുടങ്ങി ക്രമേണ 12 പ്രാണായാമംവരെ ചെയ്യുക.

ശീതളീപ്രാണായാമം:
ചമ്രംപടിഞ്ഞ് നിവര്‍ന്നിരുന്ന് നാവ് കുഴല്‍പോലെ ചുരുട്ടി വായിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞുകഴിഞ്ഞാല്‍ ഏതാനും സെക്കന്റ് ശ്വാസം ഉളളില്‍ നിര്‍ത്തിയശേഷം രണ്ട് നാസാദ്വാരങ്ങളിലൂടെയും സാവധാനം പുറത്തുവിടുക. ഇത് ഒരു പ്രാണായാമമാണ്. ഇങ്ങനെ ആറുതവണ ചെയ്യാം.


 

5. പാട്ടുകേള്‍ക്കാം..പാടാം

ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്‍ഷനകറ്റാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ആശ്വാസദായകമാണ് അല്‍പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്‍ കയറുമ്പോള്‍ പലരും പാട്ടുപാടാന്‍ കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്‍ മനസ്സിനുണ്ടാകുന്ന ലാഘവമാണ്.


 

6. പ്രാര്‍ഥന

ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്‍ധക്യത്തിന്റെയുമൊക്കെ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും.


 

7. ഹോബികള്‍

രസകരമായ ഹോബികളുള്ളവര്‍ക്ക് അതില്‍മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെന്‍ഷനുകളില്‍നിന്നും മോചനം നല്‍കാറുണ്ട്. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൗതുക വസ്തുനിര്‍മാണം, തുന്നല്‍, ചെറിയ കൃഷിപ്പണികള്‍, സ്റ്റാമ്പ് ശേഖരണം തുടങ്ങി ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഹോബികള്‍ വളര്‍ത്തിയെടുക്കാം.

 


 

8. സഞ്ചാരം

ജോലിത്തിരക്കുകളില്‍നിന്നുവിട്ട് എപ്പോഴെങ്കിലും യാത്രപോകുന്നത് മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും അകറ്റാന്‍ നല്ലതാണ്. കുടുംബാംഗങ്ങളെയും കൂട്ടി വല്ലപ്പോഴും ചെറിയ ചെറിയ യാത്രനടത്തുന്നത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതല്‍ ആഹ്ലാദഭരിതമാക്കുന്നതിനും നല്ലതാണ്. ടെന്‍ഷനുള്ള സമയത്ത് വെറുതെ ഒരു സവാരിക്കിറങ്ങുന്നതും നല്ലതാണ്.


 

9. മധുരസ്മരണകള്‍

ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ആഹ്ലാദകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എപ്പോഴും ടെന്‍ഷനുകളില്‍നിന്ന് മോചനം നല്‍കാന്‍ സഹായിക്കും. ആഹ്ലാദകരമായ ഒരു യാത്രയുടെ, സ്‌നേഹമുള്ളവര്‍ക്കൊക്കം ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങളുടെ സ്മരണയോ, കൂടെക്കൂടെ ചിരിപ്പിച്ച ഒരു തമാശയോ ഓര്‍ത്തെടുക്കുക.

 


 

10. ഉത്കര്‍ഷവേളകള്‍

വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന രീതി വളര്‍ത്തിയെടുക്കണം.ഇങ്ങനെ എല്ലാ അംഗങ്ങളും ആഹ്ലാദത്തോടെയിരിക്കുന്ന സമയമാണ് ഉത്കര്‍ഷവേള. പലവീടുകളിലും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അതുമാത്രം പോര. ദിവസവും കുറച്ചുനേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കണം. ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് പ്രയോജനകരമാണ്.

 

കടപ്പാട് : മാതൃഭൂമി 




Read More

പ്രായം കുറയ്ക്കാന്‍ പത്തു മന്ത്രങ്ങള്‍




 

1.ചര്‍മസംരക്ഷണം പ്രായത്തെ തോല്‍പ്പിക്കും 
'
ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല' എന്നത് വര്‍ഷങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പരസ്യവാചകമാണ്. എന്നാല്‍ വെറും പരസ്യത്തിനപ്പുറം നമ്മുടെ ശരീരത്തിനെ സംബന്ധിച്ചുളള പരമമായ സത്യം കൂടിയാണിത്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്. ആ ചര്‍മം ബുദ്ധിപൂര്‍വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാനാകുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.



2. കഴിക്കാം വിറ്റാമിനുകള്‍ 
ഇപ്പോഴിറങ്ങുന്ന മിക്ക സ്‌കീന്‍ ക്രീമുകളിലും വിറ്റാമിന്‍ 'സി'യോ ''യോ അടങ്ങിയിട്ടുണ്ട്. പുറമേ പുരട്ടുന്നതിനുപകരം ഈ വിറ്റാമിനുകള്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലോ? തിളങ്ങുന്ന ചര്‍മമായിരിക്കും പകരം കിട്ടുക. ചര്‍മം ചുക്കിച്ചുളിയുന്നത് ഒഴിവാക്കാനും ഈ വിറ്റാമിനുകള്‍ക്ക് സാധിക്കും. സെലീനിയം എന്ന ധാതു അടങ്ങുന്ന ഭക്ഷണം കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. മീന്‍, സുര്യകാന്തിക്കുരു, ഓട്‌സ്, ലിവര്‍ എന്നിവയിലെല്ലാം സെലീനിയം ധാരാളമായി ഉണ്ട്.


 

3. വ്യായാമം ചെയ്യാം 
വ്യായാമം കൊണ്ട് മനുഷ്യശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ പറ്റി നമ്മള്‍ എത്രയോവട്ടം കേട്ടിട്ടുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മത്തിനും വ്യായാമം കൊണ്ട് ഗുണമേയുള്ളൂ. ചര്‍മത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും ദോഷകാരികളായ ടോക്‌സിനുകളെ കളയാനുമെല്ലാം വ്യായാമം സഹായിക്കുന്നു. രക്തയോട്ടം വര്‍ധിക്കുന്നതോടെ ചര്‍മത്തില്‍ കൂടുതല്‍ ഓക്‌സിജനും മറ്റു പോഷകമൂല്യങ്ങളുമെത്തുന്നു. ചുളിവുകളെ തടയുന്ന കൊളാജന്റെ ഉത്പാദനത്തിന് ഇത് സഹായകമാകുന്നു. പതിവായി വ്യായാമം ചെയ്യുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് ചര്‍മത്തിന് ദോഷകരമല്ലേ എന്നു സംശയിക്കുന്നവരുണ്ട്. ചര്‍മത്തില്‍ അടഞ്ഞുകിടക്കുന്ന ദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നതാണ് വിയര്‍പ്പ്. വ്യായാമത്തിനുശേഷം നന്നായൊന്നു കുളിച്ചാല്‍ വിയര്‍പ്പിന്റെ ശല്യം ഒഴിവാകുകയും ചെയ്യും.



 

 

4. ആരോഗ്യത്തിനായി ഉറങ്ങാം 
ഒരാഴ്ച തുടര്‍ച്ചയായി ഉറക്കമൊഴിച്ചുനോക്കു, അക്കാര്യം നിങ്ങളുടെ ശരീരം കണ്ടാല്‍ അറിയാന്‍ സാധിക്കും. വിളര്‍ത്ത ചര്‍മം, കണ്ണിനുതാഴെ കറുത്ത പാടുകള്‍, ചത്ത കണ്ണുകള്‍... ഇവയെല്ലാം നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലെന്ന കാര്യം ലോകത്തോടു വിളിച്ചുപറയും. ദിവസവും 7-8 മണിക്കുറെങ്കിലും ശരിയായി ഉറങ്ങുന്നത് ശരീരത്തിനും ചര്‍മവും നന്നായി നിലനിര്‍ത്താന്‍ ഉപകരിക്കും. എങ്ങനെ ഉറങ്ങുന്നുവെന്ന കാര്യവും പ്രധാനമാണ്. വര്‍ഷങ്ങളായി മുഖം തലയിണയില്‍ പൂഴ്ത്തിവച്ച് ഉറങ്ങുന്ന സ്വഭാവക്കാരനാണ് നിങ്ങളെങ്കില്‍ മുഖം ചുളിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലര്‍ന്നുകിടന്ന് ഉറങ്ങി ശീലിക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.


 

5. പേടിക്കണം സൂര്യനെ 
സൂര്യനെ ദൈവമായി ആരാധിക്കുന്നതില്‍ തെറ്റില്ല, പക്ഷേ സൂര്യപ്രകാശം പതിവായി കൊള്ളുന്നത് ചര്‍മത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മത്തിനുണ്ടാകുന്ന തൊണ്ണൂറു ശതമാനം തകരാറുകളും സൂരപ്രകാശം സമ്മാനിക്കുന്നതാണ്. സ്‌കിന്‍ കാന്‍സറിനുള്ള സാധ്യതകളും ഇതു വര്‍ധിപ്പിക്കുന്നു. രാവിലെ പത്തുമണി മുതല്‍ രണ്ടുമണിവരെയുളള സൂര്യപ്രകാശത്തിനാണ് ഏറ്റവും ശക്തി. വെയിലത്തിറങ്ങുന്നതിനുമുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ പതിവായി ഉപയോഗിക്കണം. വലിയ തൊപ്പികളോ ഫുള്‍ സ്ലീവ് വസ്ത്രങ്ങളോ ധരിക്കുന്നതും സുര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും.

 

6. കുറയ്ക്കണം, കുടി 
മദ്യത്തിന്റെ അംശം വര്‍ധിക്കുന്നത് ശരീരത്തിനൊപ്പം ചര്‍മത്തിനും ഹാനികരമാണ്. ശരീരത്തിലെ വെള്ളം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന പദാര്‍ഥമാണ് മദ്യം. വരണ്ട ചര്‍മമാകും ഇതിന്റെ ഫലം. രക്തക്കുഴലുകളുടെ വ്യാസം വര്‍ധിപ്പിക്കാനും ഇത് വഴിതെളിക്കുന്നു. മദ്യപാനികളുടെ മുഖം സദാ ചുവന്നുതുടുത്തിരിക്കുന്നത് ഇതുകൊണ്ടാണ്. കുടിയെപ്പോലെ ചര്‍മത്തിന് ഹാനികരമാണ് പുകവലിയും. സുര്യപ്രകാശത്തിനുശേഷം ചര്‍മത്തിന് ഏറ്റവും ദോഷം വരുത്തുന്ന കാര്യമാണിത്. ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു എന്നതാണ് പുകവലിയുടെ ഏറ്റവും മാരകദൂഷ്യം. രക്തയോട്ടം കുറയുന്നയോടെ കൊളാജെന്‍ ഉല്പാദനം കുറയുന്നു. കൊളാജെന്‍ കുറയുകയെന്നാല്‍ ചുളിവുകള്‍ കൂടുകയെന്നതാണ് ഫലം. പുകവലിക്കാരായ ഇരുപതുകാരന്റെ ചര്‍മം പോലും ചുക്കിച്ചുളിയുന്നത് ഇതുകൊണ്ടാണ്.


 

7. കഴുകിക്കളയാം മാലിന്യങ്ങളെ 
ഓരോദിവസവും എന്തെന്ത് മാലിന്യങ്ങളെയാണ് ചര്‍മം നേരിടുന്നതെന്നറിയാമോ? സിഗരറ്റ് പുക, വാഹനങ്ങളില്‍ നിന്നുള്ള പുക, പൊടിക്കാറ്റ്. രാവിലെ മുതല്‍ നഗരത്തിലലയുന്ന ഒരാളുടെ ശരീരത്തില്‍ വൈകുന്നേരമാകുമ്പോഴേക്കും ഇവയെല്ലാം പൊതിയുമെന്ന കാര്യം ഉറപ്പ്. മൃദുവായ ഒരു സോപ്പുപയോഗിച്ച് മുഖവും ശരീരവും നന്നായി കഴുകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ചര്‍മം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരത്തിലെ മൃതകോശങ്ങളെ കഴുകിക്കഴഞ്ഞ് മോയിസ്ചറൈസര്‍ ശരീരമാസകലം പുരട്ടിയിട്ടുവേണം ഉറങ്ങാന്‍ പോകാന്‍.

 

8. വെള്ളം കുടിക്കാം, ധാരാളമായി 
ശുദ്ധമായ കുടിവെള്ളം പോലെ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുവഴി ചുളിവുകളെ ദൂരെനിര്‍ത്താന്‍ കഴിയും. ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളെത്തിക്കാനും ടോക്‌സിനുകളെ പുറന്തള്ളാനുമൊക്കെ കുടിവെള്ളത്തിനു സാധിക്കു. വെള്ളം രക്തയോട്ടവും വര്‍ധിപ്പിക്കും, അതു നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കമേറ്റുകയും ചെയ്യും. ഒരുദിവസം എട്ടു മുതല്‍ പത്തു ഗഌസ് വെള്ളമെങ്കിലും കുടിച്ചാലേ ഇതൊക്കെ സാധ്യമാകൂ.


 

9. ഒഴിവാക്കാം, കറുത്തപാടുകള്‍ 
ഗര്‍ഭിണികളുടെയും ഗര്‍ഭനിരോധനഗുളികള്‍ കഴിക്കുന്ന സ്ത്രീകളുടെയും മുഖത്ത് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. മെലാസ്മ എന്നാണിതിനു പേര്. ചര്‍മത്തിന് സ്വാഭാവികനിറം നല്‍കുന്ന മെലാനിന്‍ കൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. പ്രസവത്തിനുശേഷവും ഗര്‍ഭനിരോധനഗുളികള്‍ കഴിക്കുന്നത് നിര്‍ത്തുമ്പോഴും മെലാസ്മയും ഇല്ലാതാകേണ്ടതാണ്. എന്നാല്‍ ചിലരിലെങ്കിലും അതു പിന്നെയും കണ്ടുവരാറുണ്ട്. അത്തരക്കാര്‍ നിര്‍ബന്ധമായും ഒരു സ്‌കിന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം

 

10. തണുപ്പിലും വേനലിലും പ്രത്യേകശ്രദ്ധ 
തണുത്ത കാലാവസ്ഥയും ശീതക്കാറ്റും ചര്‍മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചര്‍മമാകെ വലിഞ്ഞുപിടിക്കാനും മൊരി വര്‍ധിപ്പിക്കാനും തണുപ്പ് കാരണമാകുന്നു. പകല്‍ മുഴുവന്‍ മോയിസ്ചറൈസര്‍ തേയ്ക്കാന്‍ പ്രത്യേകമോര്‍ക്കണം. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. 
കടുത്ത വേനലിലും ചര്‍മത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ നിര്‍ബന്ധമായും പുരട്ടണം. രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ ലോഷന്‍ വീണ്ടും പുരട്ടാന്‍ മറക്കരുത്.


 

11. കാപ്പിയും ചായയും വേണോ? 
കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിലെ ജലാംശമാകെ വലിച്ചെടുക്കുന്ന വസ്തുവാണ്. ദിവസവും കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ചര്‍മം വരണ്ടുണങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ചായക്കപ്പുപേക്ഷിച്ച് പച്ചവെള്ളം കുടിക്കുന്നതാകും ചര്‍മത്തിന് കൂടുതല്‍ ഗുണകരം.

 

12. ഭക്ഷണക്രമം പാലിക്കുക 
ചര്‍മത്തെ പട്ടുപോലെ എന്നും നിലനിര്‍ത്താന്‍ ഈ പത്തു കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതി. അതിനൊപ്പം ചിട്ടയായ ഭക്ഷണക്രമം കൂടി നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാകും. വിറ്റാമിന്‍ എ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഓറഞ്ചിലും കാരറ്റിലും മുട്ടയിലും ഇലക്കറികളിലൂമൊക്കെ വിറ്റാമിന്‍ എ ഇഷ്ടംപോലെയുണ്ട്. ചര്‍മത്തിലെ ചുളിവുകളെ ദുരെനിര്‍ത്താന്‍ വിറ്റാമിന്‍ എ സഹായിക്കും. പപ്പായ, നാരങ്ങ, കിവിപ്പഴം എന്നിവയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ഒലിവെണ്ണ, അണ്ടിപ്പരിപ്പ് എന്നിവയിലുളള വിറ്റാമിന്‍ ഇ എന്നിവയും ചര്‍മത്തിന് ഗുണം ചെയ്യുന്നവയാണ്. നമ്മുടെ നാടന്‍ മീന്‍ ഇനങ്ങളായ അയലയും മത്തിയും ധാരാളം കഴിക്കുന്നതും ചര്‍മത്തിനു നല്ലതുതന്നെ. ഇവയില്‍ ധാരാളമായി ഒമേഗ 3എസ്, ഒമേഗ 6എസ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം. ചര്‍മത്തില്‍ അദ്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള വസ്തുവാണ് ഗ്രീന്‍ ടീ അഥവാ പ്രകൃതിദത്തമായ തേയില. ആന്റിഓക്‌സിഡന്റുകളുടെ ഭണ്ഡാരമായാണ് ഗ്രീന്‍ ടീ അറിയപ്പെടുന്നത്. ശരീരത്തിലെ നീര്‍ക്കെട്ട് അകറ്റാനും ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നു സംരക്ഷിക്കാനുമൊക്കെ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. ഇപ്പോഴിറങ്ങുന്ന മിക്ക സൗന്ധര്യവര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് ഗ്രീന്‍ ടീ. അതുകൊണ്ടു തന്നെ ഗ്രീന്‍ ടീ ദൈനംദിന ഡയറ്റിലുള്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാകും.
പി.എസ്. രാകേഷ്

കടപ്പാട് : മാതൃഭൂമി 



Read More