Sunday, August 5, 2012

പണ്ഡിറ്റിന്റെ പടവും, മലയാളി മനസ്സും....


സന്തോഷ്‌ പണ്ഡിറ്റ് ആണല്ലോ ബൂലോകത്തില്‍ ഇപ്പോഴുള്ള പ്രധാന സംസാര വിഷയങ്ങളില്‍ ഒന്ന്. പണ്ഡിറ്റിനെ പറ്റിയുള്ള പല വിശകലനങ്ങളും കണ്ടപ്പോള്‍, 'പണ്ഡിറ്റിനെ പറ്റി ഒന്നും എഴുതില്ല' എന്ന തീരുമാനം പോലും മാറ്റി വെക്കേണ്ടതായി വരുന്നു...

പണ്ഡിറ്റിന്റെ  സിനിമ ഞാന്‍ കണ്ടിട്ടില്ല. സിനിമ കാണാതെ അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണോ എന്നും അറിയില്ല. എങ്കിലും യു ട്യൂബില്‍ കണ്ട പാട്ടുകളും, ട്രെയിലറുകളും, ചിത്രം കണ്ടവരുടെ അഭിപ്രായവും എല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു കാര്യം തറപ്പിച്ചു പറയാം - "കലാമൂല്യവും, അഭിനയ മികവും ഉള്ള ഒരു സിനിമ എന്ന നിലയില്‍ കൃഷ്ണനും രാധയും സമ്പൂര്‍ണ്ണ പരാജയം ആണ്".

സിനിമ കാണാതെ എങ്ങിനെ അതിനെ വിലയിരുത്താന്‍ കഴിയും എന്ന പണ്ഡിറ്റിന്റെ ചോദ്യത്തിന് ഒരു മറുപടിയേ ഉള്ളൂ.."ചോറ് വെന്തോ എന്ന് നോക്കാന്‍ മുഴുവനും കഴിച്ചു നോക്കേണ്ടതില്ല. ഒന്നോ രണ്ടോ വറ്റ് എടുത്ത്‌ നോക്കിയാല്‍ മതി".

പണ്ഡിറ്റിനേക്കാള്‍ വലിയ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയ പല മഹാനടന്മാരും സംവിധായകന്‍മാരും നമുക്കുണ്ട് എന്നത് വസ്തുത തന്നെയാണ്. പക്ഷേ അവര്‍ പിന്നീട് തങ്ങള്‍ ചെയ്ത ചിത്രങ്ങളിലെ പോരായ്മകള്‍ അംഗീകരിച്ചിട്ടുണ്ട്. വീണ്ടും അത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പോലും....

"തന്റെ പടം കോടികള്‍ വാരുന്നുണ്ട്" എന്ന് പറയുമ്പോള്‍, വാരിയ കോടികളുടെ കണക്ക്‌ കൃത്യമായി അവതരിപ്പിക്കാന്‍ കൂടി പണ്ഡിറ്റ് ശ്രദ്ധിക്കേണ്ടതായിരുന്നു. അത്തരം കണക്കുകള്‍ എവിടെയെങ്കിലും അദ്ധേഹം അവതരിപ്പിച്ചതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 'സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍' ആയ പോലെയാണോ വളരെകുറച്ച് തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച് നടത്തുന്ന ഈ കോടിവാരലും എന്ന പ്രേക്ഷകന്റെ സംശയം ദൂരീകരിക്കപ്പെടേണ്ടത് തന്നെയാണല്ലോ....

അഞ്ചു ലക്ഷം കൊണ്ട് മൂന്ന് മണിക്കൂര്‍ നേരം ഓടിക്കാനുള്ള കോപ്രായങ്ങള്‍ ഫിലിമില്‍ പകര്‍ത്തി എന്നതുകൊണ്ട് ഒരാളെയും കലാകാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്രയും ചെയ്‌താല്‍ ഒരാള്‍ കലാകാരന്‍ ആകുമെങ്കില്‍ ലോകത്തുള്ള എല്ലാവരും കലാകാരന്മാര്‍ ആണ്. കാരണം, കുട്ടിക്കാലത്ത് ചുവരിലെങ്കിലും കുറച്ച് കുത്തിവരകള്‍ നടത്താത്തവരായി ആരും ഉണ്ടാകില്ലല്ലോ !!!

അതുകൊണ്ട് തന്നെ 'നിലവിലുള്ള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ പണ്ഡിറ്റിനു കഴിഞ്ഞു' എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. തിയേറ്ററില്‍ വന്നിരുന്ന് തെറിവിളി നടത്തുന്ന ഒരു പ്രേക്ഷക സമൂഹത്തെ അല്ല തിയേറ്റര്‍ ഉടമകളോ, സിനിമാ ലോകമോ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. അങ്ങിനെ കുറേ പേരെ തിയേറ്ററില്‍ എത്തിച്ച് തെറി പറയിച്ചതു കൊണ്ട് സിനിമാ പ്രതിസന്ധി മാറാനോ, സിനിമാ ലോകമോ കലാരംഗമോ പച്ച പിടിക്കാനോ പോകുന്നില്ല.

ഒരു സിനിമ / നാടകം കാണുമ്പോള്‍ പ്രേക്ഷകന് അതില്‍ ലയിക്കാന്‍ കഴിയണം. താനും ആ സിനിമയുടെ / കഥയുടെ ഭാഗം ആണെന്ന തോന്നല്‍ ഉണ്ടാകണം. അത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ വഴുതാതെ നമ്മുടെ മനസ്സിനെ പിടിച്ചിരുത്താന്‍ അതിന് കഴിയണം. അപ്പോഴേ 'ആ സിനിമക്ക്‌ നമ്മെ സ്പര്‍ശിക്കാന്‍ കഴിഞ്ഞു' എന്ന് പറയാന്‍ കഴിയുകയുള്ളൂ.  'ആദമിന്റെ മകന്‍ അബു' എല്ലാം സംസാര വിഷയം ആകുന്നത് അത്തരത്തില്‍ ഹൃദയ സ്പര്‍ശി ആയതുകൊണ്ടു തന്നെയാണ്.

'അന്യന്റെ പണം മോഷണം നടത്താതെ സ്വന്തം പോക്കറ്റില്‍ എത്തിക്കുന്നതാണ് ' ബിസ്സിനസ്സ്  എങ്കില്‍ പണ്ഡിറ്റ് നല്ലൊരു ബിസ്സിനസ്സ് ക്കാരന്‍ ആണ് എന്ന് നിസ്സംശയം പറയാം. ഈ പടത്തിന്റെ കാര്യത്തിലെങ്കിലും നമുക്ക്‌ അത് അംഗീകരിക്കേണ്ടി വരും.


ക്യാമറക്ക്‌ മുന്നിലും പിന്നിലും പണ്ഡിറ്റ് പിരാന്തനായി വേഷം കെട്ടി. അത് കാണാനും, ഫോണ്‍ വിളിച്ച് തെറി പറയാനും മലയാളി സമയവും പണവും പാഴാക്കി... പണം പണ്ഡിറ്റ് അക്കൌണ്ടില്‍ ഇട്ടു, തെറിവിളികള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടു...

"ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് " എന്ന ഞാനടക്കമുള്ള മലയാളികളുടെ വികല ചിന്താ രീതിയെ വിറ്റ് കാശാക്കുന്നതില്‍ പണ്ഡിറ്റ് വിജയിച്ചിരിക്കുന്നു. അന്യന്റെ വൈകല്യങ്ങളെ ആസ്വദിക്കുന്നതോടൊപ്പം, അവനിലെ പോരായ്മകള്‍ കണ്ടെത്തി അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു മഹാ കാര്യം ആണെന്ന രീതിയില്‍ ചിന്തിക്കുന്ന മലയാളിയുടെ അഹംഭാവത്തേയും, ഗര്‍വിനേയും ആണ് പണ്ഡിറ്റ്‌ അറിഞ്ഞോ "അറിയാതെയോ" ചൂഷണം ചെയ്തിട്ടുള്ളത്.

"അറിഞ്ഞോ / അറിയാതെയോ ..." അതെ, അതാണ്‌ പ്രധാനം.
മലയാളികളുടെ  വികലമായ ചിന്തയെ മുന്‍ക്കൂട്ടി കണ്ട്, അത് മുതലാക്കാന്‍ വേണ്ടി ചൂണ്ടയില്‍ കോര്‍ത്തിട്ട ഇരയായിരുന്നു 'കൃഷ്ണനും രാധയും' എങ്കില്‍ അദ്ധേഹത്തിന്റ ദീര്‍ഘദൃഷ്ടിയെ പ്രശംസിച്ചേ തീരൂ...

മറിച്ച്, വലിയ സംഭവം എന്ന മട്ടില്‍ ചെയ്തത് ചീറ്റി ഈ നിലയില്‍ എത്തിയതാണെങ്കില്‍ പണ്ഡിറ്റിനെ എന്ത് വിളിക്കണം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ....

ഒരു പക്ഷേ, തമിഴ്‌ നാട്ടില്‍ ആയിരുന്നു ഈ ചിത്രം ഇറങ്ങിയിരുന്നത് എങ്കില്‍ ഒരു ചലനവും സൃഷ്ട്ടിക്കാതെ കടന്നു പോയിരുന്നു. പണ്ഡിറ്റ്‌ സാധാ പണ്ഡിറ്റ്‌ ആയി തുടര്‍ന്നിരുന്നു. എന്നാല്‍ വിദ്യാസമ്പന്നരും, പ്രതികരണ ശേഷിയുള്ളവരും, പ്രബുദ്ധരും ആയ മലയാളിക്ക്‌ റോഡില്‍ അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞാലും പണ്ഡിറ്റിനെ പോലുള്ളവരെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ.....!!!

പണ്ഡിറ്റ് ബുദ്ധിമാന്‍ ആണോ അതോ വിഡ്ഢി ആണോ എന്ന തീരുമാനത്തില്‍ എത്തണമെങ്കില്‍ പണ്ഡിറ്റില്‍ നിന്നും സത്യസന്ധമായ ഒരു പ്രസ്ഥാവന ലഭിക്കേണ്ടതുണ്ട്.

"താന്‍ ഈ ചിത്രത്തെ ഒരു കച്ചവടം മാത്രമായിട്ടാണ് കാണുന്നത്. കലാമൂല്യത്തിനോ, അഭിനയ ശേഷിക്കോ ഒട്ടും പ്രാധാന്യം നല്‍കിയിട്ടില്ല. കോപ്രായങ്ങള്‍ കാട്ടിക്കൂട്ടി ആളെക്കൂട്ടുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശം" എന്നാണ്  പണ്ഡിറ്റ്‌ പറയുന്നതെങ്കില്‍ നമുക്ക്‌ പണ്ഡിറ്റിനെ ബുദ്ധിമാന്‍ എന്ന് വിളിക്കാം.

"ഇത് കച്ചവടം എന്നതിനേക്കാള്‍ നല്ലൊരു കലാ സൃഷ്ടി ആണ്. താന്‍ കൈവെച്ച അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളില്‍ തന്റെ പ്രകടനം മികച്ചതാണ്. തന്റെ ചിത്രം മലയാള സിനിമയുടെ പരിവര്‍ത്തനത്തിന്റെ തുടക്കമാണ് " എന്നാണ് പണ്ഡിറ്റ് പറയുന്നതെങ്കില്‍ അദ്ദേഹം സ്വയം വിഡ്ഢിയായി മാറുകയാണല്ലോ.....

ആ തരത്തില്‍ പണ്ഡിറ്റ് സ്വയം വിഡ്ഢി ആവുകയാണെങ്കില്‍ ഈ പടത്തിന്റെ വിജയത്തെ വിശേഷിപ്പിക്കാന്‍ ഒറ്റ വാചകം മതി - "ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തു".

ഞാനടക്കമുള്ള മലയാളികള്‍ ചിന്താധാരയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ പണ്ഡിറ്റുമാര്‍ ഇനിയും "ചക്ക ഇട്ടുകൊണ്ടേയിരിക്കും... മുയലുകള്‍ ചത്തുകൊണ്ടേയിരിക്കും...."

വാല്‍കഷ്ണം :
പണ്ഡിറ്റിനെ പറ്റി ഒരിക്കലും പോസ്റ്റ്‌ ഇടില്ല എന്ന് വിചാരിച്ചിരുന്ന ആളാണ്‌ ഞാന്‍. പക്ഷേ ഒടുവില്‍ ഞാനും ആ കെണിയില്‍പ്പെട്ടു ... കഷ്ടം !!!!

ഞാനടക്കമുള്ള മലയാളികള്‍ "എന്തിനൊക്കെ പ്രതികരിക്കണം, എന്തിനൊക്കെ പ്രതികരിക്കാതിരിക്കണം" എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു


0 comments:

Post a Comment