Thursday, August 16, 2012

ജീവിതം ഒരു ഫ്‌ളാഷ്‌ബാക്ക്‌ - ശാരദ


ജീവിതം ഒരു ഫ്‌ളാഷ്‌ബാക്ക്‌

 



കഥകളുടെ നാടായ ആന്‌ധ്രയിലെ തെനാലിയില്‍ ജനനം, വെങ്കിടേശ്വര റാവുവിന്റേയും സത്യവതിദേവിയുടേയും മകളായി... മുന്നോട്ടുള്ള കാലപ്രയാണത്തില്‍ അവളും ഒരു അഭിനേത്രിയായി... കൂട്ടുകാര്‍ കളിപ്പാട്ടങ്ങള്‍ നെഞ്ചോടമര്‍ത്തി അമ്മയുടെ താരാട്ടുപാട്ടില്‍ കണ്ണു പൂട്ടിയുറങ്ങുമ്പോള്‍ അവള്‍ സ്‌റ്റേജിനു പിന്നില്‍ തനിക്കു ഉരുവിടാനുള്ള സംഭാഷണങ്ങള്‍ മനഃപാഠമാക്കുകയായിരുന്നു... അവള്‍ ശാരദ... മലയാളത്തിന്റെ ദത്തുപുത്രി...

സരസ്വതി എന്ന പേര്‌ ഞാന്‍ തന്നെ മറന്നുതുടങ്ങിയിരിക്കുന്നു. മലയാളമെനിക്കു സമ്മാനിച്ച ശാരദ എന്ന പേരിലല്ലാതെ അറിയപ്പെടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല...''

മൂന്നുവട്ടം മലയാളത്തിനു ഉര്‍വശി പട്ടം നേടിത്തന്ന മലയാളിയല്ലാത്ത മലയാളി. ഓര്‍മകള്‍ സമ്മാനിക്കുന്ന ആവേശം ശാരദയെ വീണ്ടും ചെറുപ്പമാക്കിയതു പോലെ...

ഉദയായുടെ ഇണപ്രാവുകളിലൂടെ മലയാളത്തിന്റെ സ്വന്തം ശാരദയായി. 65 കളിലെ ഉദയായെ എങ്ങനെ ഓര്‍ക്കുന്നു?

കേരളത്തില്‍ എപ്പോള്‍ എത്തിച്ചേര്‍ന്നാലും നനുത്ത കാറ്റിന്റെ സുഗന്ധം വീശിയടിക്കുന്ന ആലപ്പുഴയിലെ ഉദയായിലെ മണ്ണിലേക്ക്‌ ഓടിയെത്തുവാന്‍ എന്‍െറ മനസ്‌ വല്ലാതെ കൊതിക്കും. അന്നുമതേ ഇന്നുമതേ. ഉദയായിലെ ഓരോ മണല്‍ത്തരിയിലും എന്‍െറ ഓര്‍മകള്‍ ഉണ്ട്‌. പ്രേംനസീര്‍, സത്യന്‍, മധു, പിന്നെ ഉദയായുടെ സ്വന്തം കുഞ്ചാക്കോയും...ഞാന്‍ മരിച്ചാലും എന്റെ ആത്മാവില്‍ നിന്ന്‌ ഈ ഓര്‍മ്മകളെ ഒരിക്കലും കുടിയിറക്കില്ല. ശരിക്കും എന്‍െറ കുടുംബം ഉദയാ ആയിരുന്നു. അത്രയ്‌ക്കു രസകരവും സന്തോഷകരവുമായ നിമിഷങ്ങളാണ്‌ ഉദയാ സിനിമകള്‍ എനിക്കു സമ്മാനിച്ചിട്ടുള്ളത്‌. ഞാന്‍ സിനിമയില്‍ പിച്ചവച്ചതും ഓടിക്കളിച്ചതും വളര്‍ന്നതും എല്ലാം ഉദയായില്‍ നിന്നായിരുന്നു. ഉദയായുടെ മണ്ണില്‍ കാല്‌പാദങ്ങള്‍ സ്‌പര്‍ശിക്കുന്ന ഓരോ നിമിഷവും രണ്ടു തുള്ളി കണ്ണുനീര്‍ എന്നെ നിശബ്‌ദയാക്കും, എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ വേര്‍പാടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ...

ദാരിദ്ര്യമായിരുന്നോ ശാരദ എന്ന പെണ്‍കുട്ടിയെ അഭിനയത്തിന്റെ ലോകത്തിലേക്ക്‌ എത്തിച്ചത്‌?

സത്യം പറഞ്ഞാല്‍ എനിക്കതിന്‍െറ ഉത്തരം അറിയില്ല. ഞാന്‍ തീരെ കുട്ടിയായിരിക്കുമ്പോള്‍ തെലുങ്ക്‌ നാടകത്തില്‍ എത്തിച്ചേര്‍ന്നതാണ്‌. അന്നു വീട്ടുകാര്‍ പറഞ്ഞു നാടകത്തില്‍ അഭിനയിക്കുവാന്‍. ഞാന്‍ അഭിനയിച്ചു. ഏഴാം വയസ്സില്‍ എന്റെ നാടകത്തിന്റെ ആദ്യ അരങ്ങേറ്റം... ദിവസങ്ങളെടുത്തു മനഃപാഠമാക്കിയ സംഭാഷണങ്ങളുമായി തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ നാടകത്തട്ടില്‍ ഞാന്‍ അരങ്ങു തകര്‍ക്കുന്നു. കണ്‍മുമ്പില്‍ നിറഞ്ഞ സദസ്സ്‌. നീണ്ടു നിവര്‍ന്ന സംഭാഷണങ്ങള്‍ ഉരുവിടുമ്പോള്‍ എന്റെ കണ്ണുകള്‍ എവിടെയോ ഒന്നുടക്കി. ഒരമ്മയുടെ കണ്ണുകള്‍ സാകൂതം എന്നെത്തന്നെ നോക്കുന്നു. എന്നാല്‍ ഞാന്‍ ശ്രദ്ധിച്ചത്‌ ആ കണ്ണുകളെയല്ലായിരുന്നു. എന്റെ അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി .ആ അമ്മയുടെ മടിയില്‍ സസുഖം ഉറങ്ങുന്നു. ഒന്നുമറിയാതെ. ഒരു കോലാഹലങ്ങള്‍ക്കും ചെവിയോര്‍ക്കാതെ. നഷ്‌ടപ്പെട്ടുപോയ ഉറക്കമില്ലാത്ത ബാല്യം എന്നെ സങ്കടപ്പെടുത്തിയില്ല. കാരണം സിനിമയിലേക്കുള്ള ക്ഷണവുമായി നാടകം തീരാന്‍ കാത്തുനിന്ന നിര്‍മ്മാതാക്കളുടെ മുന്നില്‍ അപ്പോഴേക്കും എന്റെ അച്‌ഛനും അമ്മയും കൈകൂപ്പി കഴിഞ്ഞിരുന്നു. അങ്ങനെ ഞാനും സിനിമാ എന്ന മായിക ലോകത്തിന്റെ ഭാഗമായി മാറി. ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു നിമിത്തം മാത്രം. കാലം പിന്നീട്‌ നല്‍കിയ സൗഭാഗ്യങ്ങളുടെ യാത്രയുടെ തുടക്കം ഇങ്ങനെയൊക്കെയാകട്ടെയെന്ന്‌ ദൈവം നിശ്‌ചയിച്ചിട്ടുണ്ടായിരുന്നിരിക്കാം.

എങ്ങനെയാണ്‌ ആന്‌ധ്രാക്കാരി സരസ്വതി മലയാളിയുടെ പ്രിയപ്പെട്ട ശാരദയായത്‌
?

(ദേഷ്യത്തോടെ) ആരു പറഞ്ഞു ഞാന്‍ ആന്‌ധ്രക്കാരിയാണെന്ന്‌ (ചിരിക്കുന്നു). ഞാന്‍ ജനിച്ചത്‌ ആന്‌ധ്രയിലാണെന്നു മാത്രം. എന്നു കേരളത്തില്‍ എത്തിയോ അന്നു മുതല്‍ ഞാന്‍ മലയാളിയായി. ഇവിടുത്തെ ഇന്നത്തെ പല കുട്ടികളേക്കാളും നന്നായി മലയാളം ഞാന്‍ പറയുന്നുണ്ടല്ലോ. മലയാളത്തോടുള്ള ആ സ്‌നേഹം കൊണ്ടാകാം മലയാളിക്കു ഞാന്‍ അവരുടെ സ്വന്തം ശാരദയായത്‌. എന്‍െറ എല്ലാ നേട്ടങ്ങളും ഞാന്‍ സ്വന്തമാക്കിയതു മലയാളത്തില്‍ നിന്നാണ്‌. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ഇവിടെ ജനിച്ച്‌, ഇവിടെ ജീവിച്ച്‌, ഇവിടെത്തന്നെ മരിക്കണം എന്നാണെന്‍െറ ആഗ്രഹം.

സത്യന്‍, നസീര്‍ തുടങ്ങിയ മഹാരഥന്മാരോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു ?

ആ കാലഘട്ടത്തിലേതു പോലെ മനോഹരമായി ഇനി ആര്‍ക്കും ഒരുകാലത്തും അഭിനയിക്കുവാന്‍ കഴിയുമെന്ന്‌ എനിക്കു തോന്നുന്നില്ല. അക്കാലം ഓര്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഒരു കുളിര്‍മഴ പെയ്യുന്ന അനുഭൂതിയാണ്‌. അന്നത്തെ പരസ്‌പര സ്‌നേഹവും സഹകരണവും ഒന്നും തന്നെ ഇന്നത്തെ കുട്ടികളില്‍ കാണുവാനില്ല. അത്രയ്‌ക്കു സ്‌നേഹമായിരുന്നു എല്ലാവരും തമ്മില്‍. സത്യന്‍ സാര്‍, നസീര്‍ സാര്‍, മധുസാര്‍, ജയന്‍, ബാലന്‍ കെ. നായര്‍ എന്നിവരോടൊത്തുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കുവാന്‍ കഴിയില്ല. അഭിനയിക്കുന്നതിനുവേണ്ടി അവര്‍ തരുന്ന ഓരോ നിര്‍ദേശവും ശരിക്കും പ്രചോദനമായിരുന്നു. കൂടെ അഭിനയിക്കുന്നവരെ ഇത്ര കരുതലോടെ സംരക്ഷിക്കുവാന്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കു പോലും സാധിച്ചിരുന്നില്ല. എന്നിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവര്‍ തന്ന പ്രോത്സാഹനം ... അതാണ്‌ എന്നെ ഇന്നത്തെ ശാരദയാക്കിയത്‌. മലയാളം അറിയാതെ ഈ ഇന്‍ഡസ്‌ട്രിയിലേക്കു കടന്നുവന്ന എനിക്ക്‌ അവര്‍ നല്‍കിയ സ്‌നേഹം ഒരിക്കലും വിസ്‌മരിക്കുവാനാവില്ല. ആ നന്ദിയും കടപ്പാടും എല്ലാം എന്‍െറ മനസില്‍ മരിക്കുവോളം കാണും. അവരില്‍ ഭൂരിഭാഗവും മണ്‍മറഞ്ഞു. എങ്കിലും അവരെല്ലാം തന്നെ മരിക്കാത്ത ഓര്‍മകളായി എന്നില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

സഹപ്രവര്‍ത്തകരായ ഷീല
, ജയഭാരതി... നിങ്ങള്‍ തമ്മില്‍ അഭിനയത്തിലും ജീവിതത്തിലും മത്സരമായിരുന്നോ ?

ആരു പറഞ്ഞു അത്‌. ഞങ്ങള്‍ എന്തിനു മത്സരിക്കണം. ഓരോരുത്തരും അവരവരുടെ കഴിവുകള്‍ കൊണ്ടു സിനിമയില്‍ എത്തിയവര്‍. അര്‍ഹതപ്പെട്ട ഓരോ റോളും അവരവരെ തേടിയെത്തിയിരുന്നു. മത്സരം നടത്തി ഏതെങ്കിലും ഒരു റോള്‍ സ്വന്തമാക്കേണ്ട ഒരു ആവശ്യവും ഞങ്ങള്‍ക്ക്‌ ഇല്ലായിരുന്നു. തങ്ങളുടെ സിനിമയ്‌ക്കു ചേരുന്ന നായികമാരെ തെരഞ്ഞെടുക്കുവാന്‍ കഴിവുള്ളവര്‍ ആയിരുന്നു അന്നത്തെ സംവിധായകര്‍. കഥയുടെ ആവശ്യകത അറിഞ്ഞു നായികയെ സംവിധായകന്‍ തീരുമാനിക്കുമ്പോള്‍ അവരവര്‍ക്കു യോജിച്ച വേഷം ഞങ്ങള്‍ മൂന്നുപേര്‍ക്കും കിട്ടിയിരുന്നു. അതുകൊണ്ടു തന്നെ യാതൊരുവിധ മത്സരമോ വ്യക്‌തി വിദ്വേഷമോ അക്കാലത്തു മലയാള സിനിമയെ ബാധിച്ചിരുന്നില്ല. എന്നു മാത്രവുമല്ല ഞങ്ങളെല്ലാം തമ്മില്‍ ഇപ്പോഴും നല്ല അടുപ്പമാണ്‌. പ്രത്യേകിച്ച്‌ അക്കാലത്തു നായിക ആയിരുന്ന കവിയൂര്‍ പൊന്നമ്മയുമായി. ഇന്നും മലയാള സിനിമയില്‍ അത്തരമൊരു മത്സരം കാണാന്‍ വഴിയില്ല. കാരണം ഇന്നത്തെ കുട്ടികള്‍ കഴിവുള്ളവരാണ്‌. വിദ്യാഭ്യാസവും ചിന്തിക്കുവാനുള്ള ശേഷിയും വേണ്ടുവോളം ഉള്ളവര്‍. അതുകൊണ്ടു തന്നെ നടിമാര്‍ തമ്മിലുള്ള മത്സരം എന്നത്‌ അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും ശുദ്ധ അസംബന്ധമാണ്‌.

അന്നത്തെ കാലത്തു സിനിമയിലെത്തുന്ന പെണ്‍കുട്ടികള്‍ ചൂഷണത്തിന്‌ ഇരയായിരുന്നു എന്നുള്ള ഒരു ദുഷ്‌പേര്‌ മലയാള സിനിമയ്‌ക്ക് ഉണ്ടായിരുന്നു. ഇതില്‍ എത്രമാത്രം സത്യമുണ്ട്‌?

ഇതൊക്കെ ആള്‍ക്കാര്‍ വെറുതെ പറഞ്ഞു പരത്തിയതാണ്‌. ഒരു കലാകാരിയെ സംബന്ധിച്ചു പൊതുസമൂഹവുമായി ഇടപഴകുന്നതിനു പല നിബന്ധനകളും ഉണ്ട്‌. പ്രത്യേകിച്ചു സിനിമാ ഫീല്‍ഡില്‍. അത്തരം ഇടപഴകലിന്‌ ആഗ്രഹിച്ചു നിരാശരാകുന്നവരാണ്‌ ഇത്തരം കള്ളക്കഥകള്‍ കെട്ടിച്ചമച്ചത്‌. പിന്നെ, നശിക്കുവാന്‍ വേണ്ടി മാത്രം ഇറങ്ങിത്തിരിച്ച ചില പെണ്‍കുട്ടികള്‍ ഇതില്‍ ഉണ്ടായിരുന്നു എന്നതു വിസ്‌മരിക്കുന്നില്ല. പക്ഷേ, അത്‌ ഒരു വേഷം ചെയ്യുവാന്‍ വേണ്ടി ആയിരുന്നില്ല. മറിച്ചു നല്ല വേഷം ചെയ്‌തു കാശു കൈയില്‍ കിട്ടുമ്പോള്‍ കാണിക്കുന്ന മതിഭ്രമത്തിന്‍െറ ഭാഗമായേ അതിനെ കാണുവാന്‍ കഴിയൂ.

മാദകത്തിടമ്പുകള്‍ നായികാപദവിയില്‍ അരങ്ങു വാണിരുന്ന കാലത്തു ശാരദ എന്ന സ്‌ത്രീ മലയാള സിനിമയില്‍ വ്യത്യസ്‌ത ആയത്‌ എങ്ങനെ
?

അതിന്‌ ഉത്തരം നല്‍കേണ്ടതു പ്രേക്ഷകരാണ്‌, ഞാനല്ല, എന്നില്‍ എന്തെങ്കിലും വ്യത്യസ്‌തത ഉള്ളതുകൊണ്ടാകാം ഈ ഇന്‍ഡസ്‌ട്രിയുടെ ഭാഗമായതെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒന്നെനിക്കുറപ്പാണ്‌, വശ്യത ഉളവാക്കുന്ന രീതിയില്‍ ചുണ്ടു കടിച്ചു കാണിച്ചും ,ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കൂടുതല്‍ ചലിപ്പിച്ചും ആളിനെക്കൂട്ടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അഭിനയത്തില്‍ മാത്രം വ്യത്യസ്‌തത പുലര്‍ത്താനാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. ശരീരഭാഷയില്‍ വ്യത്യസ്‌തതയ്‌ക്ക് വേണ്ടി ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ മറ്റുള്ളവര്‍ മാദകത്വം കൊണ്ടു മാത്രമാണു പിടിച്ചു നിന്നത്‌ എന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

മലയാളത്തില്‍ തുലാഭാരം
,സ്വയംവരം തെലുങ്കില്‍ നിമജ്‌ഞനം ...മൂന്നുവട്ടം ദേശീയ പുരസ്‌കാരത്തിന്റെ തിളക്കം... അഹങ്കാരം തോന്നുന്നുണ്ടോ?

ഞാന്‍ എന്തിന്‌ അഹങ്കരിക്കണം. എന്‍െറ മാത്രം പ്രയത്നം കൊണ്ടാണോ എനിക്ക്‌ ഈ അവാര്‍ഡുകള്‍ കിട്ടിയത്‌? ഇതിനു പിന്നില്‍ ഒരുപാടു പേരുടെ വിയര്‍പ്പും കഷ്‌ടപ്പാടുമുണ്ട്‌. അവരെന്നെ രാകി തേച്ചു മിനുക്കി. അവര്‍ തന്ന പ്രേരണയില്‍ ഞാന്‍ ആ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. അവാര്‍ഡുകള്‍ ശരിക്കും അണിയറക്കാര്‍ക്കുള്ളതാണ്‌. അതിനുള്ള വഴി ഞാന്‍ ആയിരുന്നു എന്നു മാത്രം. അത്‌ എന്നിലെ കഴിവിനെയും ആത്മവിശ്വാസത്തെയും വര്‍ധിപ്പിച്ചു എന്നുള്ളതു പരമ യാഥാര്‍ഥ്യം.

സിനിമയില്‍ നിന്നു രാഷ്‌ട്രീയത്തിലേക്ക്‌. എന്തായിരുന്നു അതിനു പിന്നില്‍
?

ജീവിതത്തില്‍ എല്ലാം നേടിയിട്ടും പല പ്രതിസന്ധികളിലും ഞാന്‍ അകപ്പെട്ടിട്ടുണ്ട്‌. അപ്പോഴൊക്കെ പൊതുസമൂഹം എന്നോടു കാണിച്ചിട്ടുള്ള സഹിഷ്‌ണുത ഞാന്‍ നന്ദിയോടെ സ്‌മരിക്കും. ആ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഒരുപക്ഷേ, അങ്ങനെയൊക്കെ ആകാം ഞാനും ഒരു രാഷ്‌ട്രീയക്കാരിയായത്‌. ഒന്നുമറിയാതെയാണു ഞാന്‍ രാഷ്‌ട്രീയത്തിലേക്ക്‌ എത്തിപ്പെട്ടത്‌. എന്നാല്‍, ഇപ്പോള്‍ എനിക്കു വ്യക്‌തമായ രാഷ്‌ട്രീയം ഉണ്ട്‌. എം.പി.യായി തെരഞ്ഞെടുത്തപ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇനിയും സമയം ഉണ്ടെന്നാണ്‌ എന്‍െറ വിശ്വാസം. കാരണം ഞാന്‍ ചെറുപ്പമല്ലേ (പൊട്ടിച്ചിരിക്കുന്നു).

ഒരുകാലത്തു മലയാളസിനിമയില്‍ സമ്പന്നമായ താരത്തിളക്കം സൃഷ്‌ടിച്ച പലരും തങ്ങളുടെ അവസാന കാലഘട്ടത്തില്‍ ദാരിദ്ര്യത്തിന്റെ തീച്ചൂളയിലേക്ക്‌ വലിച്ചെറിയപ്പെടുന്നത്‌ നാം കണ്ടു. എന്തുകൊണ്ടാണിത്‌?

പലര്‍ക്കും പറ്റിയ മണ്ടത്തരം. ജീവിതം എന്തെന്നു പഠിക്കുവാന്‍ ശ്രമിക്കാത്തതിനുള്ള ശിക്ഷ. നേടിയതു പലതും സുഖങ്ങള്‍ക്കു വേണ്ടി മാത്രം ചെലവഴിച്ചപ്പോള്‍ മുന്നിലേക്കുള്ള യാത്രയില്‍ മഠയികള്‍ ആയി പോയതാണിവര്‍. ഒരുപാടു കഷ്‌ടപ്പെട്ടു സിനിമയില്‍ എത്തിയ പലര്‍ക്കും കഷ്‌ടപ്പെട്ട്‌ ഉണ്ടാക്കിയ എല്ലാം, എല്ലാവിധ സുഖസൗകര്യങ്ങള്‍ക്കുമുള്ള ഉപാധികളായി മാറി. ജീവിതം എന്ന സത്യത്തെ തിരിച്ചറിയാത്തതിന്‍െറ ഫലമാണ്‌ അവര്‍ വാര്‍ധക്യകാലത്ത്‌ അനുഭവിച്ചത്‌. ഒരുപക്ഷേ അതെല്ലാം സ്വന്തം കുടുംബത്തിനു വേണ്ടിയാകാം. പക്ഷേ, അവനവന്‍െറ താങ്ങിനെയും തണലിനെയും പറ്റി ചിന്തിച്ചില്ല എന്നു മാത്രം. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്‍െറ കണ്ണു നനയാറുണ്ട്‌.

ഈ കണ്ണീരു മാത്രമേ ഉള്ളോ
? അവര്‍ക്കുവേണ്ടി ഒന്നും ചെയ്യണമെന്നു തോന്നിയിട്ടില്ലേ?

ഞാന്‍ ചെയ്യുന്നത്‌ എന്തെന്നു എനിക്കറിയാം. ഒരു പരസ്യത്തിനുവേണ്ടി 'ശാരദ അതു ചെയ്യുന്നു' എന്നു മറ്റുള്ളവരെക്കൊണ്ടു പറയിക്കുവാന്‍ ഞാനില്ല. അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം. അത്‌ അവരുടെ ഇഷ്‌ടം.

അറിയാതൊരു പരിഭവം ആ മുഖത്തു കടന്നുകൂടി. പെട്ടെന്നു തന്നെ മുഖം വീണ്ടും പ്രസന്നമാവുകയും ചെയ്‌തു.

ഇന്നു മാനഭംഗവും അതിനു ശേഷമുള്ള അരും കൊലയും നിത്യവാര്‍ത്തകള്‍ ആകുന്നു. സിനിമ എന്ന മാധ്യമത്തിന്‌ ഇതില്‍ എത്രമാത്രം പ്രേരണയുണ്ട്‌
?

ഇതില്‍ സിനിമ എന്തു പിഴച്ചു. ഞാന്‍ ഒന്നു ചോദിച്ചോട്ടെ? സിനിമയിലെ ബലാത്സംഗം കണ്ടിട്ടാണോ ഇവിടത്തെ സ്‌ത്രീകളെ പുരുഷന്മാര്‍ ആക്രമിക്കുന്നത്‌. എങ്കില്‍ പഴയകാലത്തല്ലേ ഇതു കൂടുതല്‍ നടക്കേണ്ടത്‌. ഈ കാലഘട്ടത്തിലെ സിനിമകളെ അപേക്ഷിച്ച്‌ പണ്ടത്തെ സിനിമകള്‍ ആയിരുന്നല്ലോ ബലാത്സംഗവും സംഘട്ടനങ്ങളും അരങ്ങേറിയിരുന്നത്‌. അന്നൊന്നും ഇത്തരം വാര്‍ത്തകള്‍ കേട്ടിരുന്നില്ലല്ലോ. സമൂഹത്തില്‍ സ്‌ത്രീകള്‍ അക്രമത്തിന്‌ ഇരയാകുന്നുണ്ടെങ്കില്‍ അതിന്‍െറ കുഴപ്പം സമൂഹത്തില്‍ തന്നെയാണ്‌. അടിച്ചമര്‍ത്തപ്പെടുന്ന അസഹിഷ്‌ണുത മൂലം പല പുരുഷന്മാരും മനോരോഗികളായി തീരുന്നതിന്‍െറ ഫലമായി ഇന്നത്തെ പല കുട്ടികളും അത്തരക്കാര്‍ക്ക്‌ ഇരയായി തീരുകയാണ്‌.

അത്തരം നാശത്തിലേക്കു നമ്മുടെ കുട്ടികളെ എത്തിച്ചതിനു വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്‌. ഈ പ്രശ്‌നങ്ങള്‍ വളരെ നല്ല രീതിയില്‍ പഠിച്ച്‌ അതിനു വേണ്ട പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ടു പോയില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന കാലമായിരിക്കില്ല ഇനി കടന്നുവരിക.

ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകയുടെ ധാര്‍മിക രോഷവും ആവേശവും ശാരദയുടെ വാക്കുകളില്‍ നിറഞ്ഞു...ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരേ പോരാടാന്‍ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ട്‌ എന്ന മട്ടില്‍.

മലയാളസിനിമ ആകെ മാറി... പുതിയ കുട്ടികള്‍ ഒരുപാട്‌ കടന്നു വന്നു... എങ്ങനെ വിലയിരുത്തുന്നു പുതുതലമുറയെ ?

മാറ്റങ്ങളെപ്പറ്റി കൂടുതലായൊന്നും എനിക്കറിയില്ല. എങ്കിലും പണ്ടത്തെ അവസ്‌ഥ വച്ചു നോക്കുമ്പോള്‍ പുതിയ തലമുറ സ്വയംപര്യാപ്‌തരാണ്‌. പല കാര്യങ്ങളിലും. അഭിനയത്തിലും ജീവിതത്തിലും സ്വന്തം കാര്യം നോക്കാന്‍ പ്രാപ്‌തരാണവര്‍. എന്നാല്‍ പണ്ട്‌ ഇങ്ങനെയൊന്നും ആയിരുന്നില്ല. ഒരു പുരുഷനോട്‌ കൂടുതലൊന്ന്‌ മിണ്ടിയാല്‍ തീ പാറുന്ന കണ്ണുകളുമായി അമ്മമാര്‍ അടുത്തുണ്ടാകും. അവരുടെ നോട്ടത്തിന്റെ ദഹനശക്‌തിയില്‍ പേടിച്ചരണ്ട്‌ കഴിയുന്ന മാന്‍പേടകളായിരുന്നു പല പെണ്‍കുട്ടികളും. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അമ്മയുടെ സാരിത്തലപ്പില്‍ നിന്നു മാറി സ്വന്തം കാര്യങ്ങള്‍ നോക്കി നടപ്പാക്കുന്ന രീതി എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.

അഭിനയത്തില്‍ നിന്നും വിടവാങ്ങി ജീവിതത്തിലേക്ക്‌ മടങ്ങിയ ആരെയെങ്കിലും പിന്നീട്‌ സ്‌ക്രീനില്‍ കാണാന്‍ കൊതിച്ചിട്ടുണ്ടോ
?

എന്നും എന്നെ വിസ്‌മയിപ്പിച്ച ഒരു ഇതിഹാസമായിരുന്നു സത്യന്‍ സാര്‍. ആ വിസ്‌മയം പിന്നീട്‌ ഒരിക്കല്‍ കൂടി എന്റെ കണ്ണുകളില്‍ തിരിച്ചെത്തിയത്‌ മഞ്‌ജു എന്ന പെണ്‍കുട്ടി സ്‌ക്രീനില്‍ അഭിനയിച്ചു നിറഞ്ഞു നിന്നപ്പോഴാണ്‌. എന്തു കഴിവുള്ള കുട്ടിയായിരുന്നു മഞ്‌ജു വാര്യര്‍. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ , സംസാരിക്കുന്ന കണ്ണുകള്‍ ...വീണ്ടും വീണ്ടും അവളെ കാണുവാന്‍ ഞാന്‍ ഏറെ കൊതിച്ചിട്ടുണ്ട്‌. പക്ഷേ എന്തു ചെയ്യാം അതൊക്കെ ഓരോരുത്തരുടേയും വ്യക്‌തിപരമായ കാര്യങ്ങളല്ലേ.

വെങ്കിടേശ്വര റാവുവിന്റേയും സത്യവതിദേവിയുടേയും മകള്‍... അതിനുമപ്പുറം
?

ഓര്‍ക്കുവാനും പറയുവാനും ഇഷ്‌ടപ്പെടാത്ത ഒന്ന്‌, അതാണെന്റെ ദാമ്പത്യം. അങ്ങനെയൊന്ന്‌ ജീവിതത്തില്‍ നടന്നിട്ടില്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം. എനിക്കു നിങ്ങള്‍ മതി. എന്നെ സ്‌നേഹിച്ച മലയാളികള്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ മനോഹര തീരത്ത്‌ എനിക്കു വീണ്ടും ശാരദയാകണം. മലയാളികളുടെ സ്വന്തം ശാരദ.

സി. ബിജു


 

0 comments:

Post a Comment