Wednesday, September 26, 2012

അപ്രതീക്ഷിതമായി തുന്നിക്കിട്ടിയ സംവിധായക കുപ്പായം




അപ്രതീക്ഷിതമായി തുന്നിക്കിട്ടിയ സംവിധായക കുപ്പായം. രാജമാണിക്യം എന്ന സിനിമയുടെ സംവിധായക കസേരയില്‍ ഇരിക്കുമ്പോള്‍ അന്‍വര്‍ റഷീദ് എന്ന ചെറുപ്പക്കാരന്റെ വിശേഷണം ഇതായിരുന്നു. എന്നാല്‍ രാജമാണിക്യം ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ അന്‍വറിന്റെയും ജീവിതം മനോഹരമായ ഒരു തിരക്കഥപോലെ മാറിമറിഞ്ഞു. പിന്നീടിറങ്ങിയ അണ്ണന്‍തമ്പി, ചോട്ടാ മുംബൈ, എന്നിവ മെഗാഹിറ്റായപ്പോള്‍ അന്‍വര്‍ റഷീദ് തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കുകയായിരുന്നു. കേരള കഫേ എന്ന വലിയ ചിത്രത്തിന്റെ ഭാഗമായ ബ്രിഡ്ജ് എന്ന ചെറിയ ചിത്രം വഴി യഥാര്‍ത്ഥ പ്രതിഭതന്നെയാണ് താനെന്ന് അന്‍വര്‍ നമ്മെ ബോധ്യപ്പെടുത്തി. അവസാനം ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ന്യൂജനറേഷന്‍ സിനിമയുടെ ഭാഗമാകാന്‍ താനുമുണ്ടെന്ന് അന്‍വര്‍ വിളിച്ചുപറയുന്നു. അന്‍വറിന്റെ വിശേഷങ്ങളിലേക്ക്...

ബാല്യത്തിലേക്ക് കണ്ണോടിക്കുമ്പോള്‍....?

ഞാന്‍ ഇഴഞ്ഞുനീന്തിയതും പിച്ചവച്ച് നടന്നതും കൊല്ലം റയില്‍വേ ക്വാര്‍ട്ടേഴ്‌സിന്റെ ഇടുങ്ങിയ മുറികളിലാണ്. റയില്‍വേ ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹീദിന്റെയും ജാരിയത്ത് ബീവിയുടെയും രണ്ടാമത്തെ പുത്രനായിരുന്നു ഞാന്‍. ചേട്ടന്‍ അന്‍സാര്‍. ഇടത്തരം കുടുംബത്തിലെ ബാലാരിഷ്ടകള്‍ക്കു നടുവില്‍ എന്നെയും ചേട്ടനെയും യാതൊരു അല്ലലുമില്ലാതെയാണ് അച്ഛനും അമ്മയും വളര്‍ത്തിയത്.

കൊല്ലം ബാലികാമറിയത്തിലും സെന്റ് അലോഷ്യസ് സ്‌കൂളിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ശരാശരി വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പഠനത്തോടൊപ്പം കലാകായിക പരിപാടികളിലും ഇടയ്‌ക്കൊക്കെ ഒന്ന് പയറ്റിനോക്കിയിരുന്നു.

മുടങ്ങാതെ സിനിമ കണ്ടിരുന്ന അച്ഛനായിരുന്നു തിയറ്ററിലേക്ക് എന്റെ വഴികാട്ടി. കൊല്ലം എസ്.എം.ബിയിലും കുമാറിലും സിനിമകള്‍ മാറുന്നതനുസരിച്ച് അച്ഛനും ഞങ്ങള്‍ രണ്ടു മക്കളും അവിടെ നിത്യസന്ദര്‍ശകരായി മാറി.

അഭിനയ കളരിയിലേക്ക്..?

ചേട്ടന്‍ അന്‍സാര്‍ അക്കാലയളവില്‍ സ്‌കൂ ള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം താരമായിരുന്നു. നാടകമായിരുന്നു ചേട്ടന്റെ തട്ടകം. അതുവഴി എന്നിലും ചെറിയ രീതിയില്‍ അഭിനയമോഹം മൊട്ടിട്ടു. എങ്കില്‍പ്പിന്നെ ആ മേഖലയില്‍ ഒന്നു പയറ്റാം എന്ന് ഞാനും തീരുമാനിച്ചു. അങ്ങനെ അഞ്ചാംക്ലാസില്‍ പഠിച്ചപ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനേതാവായി. അഭിരുചികള്‍ ഒന്നുമില്ലാതിരുന്നിട്ടും അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു. അഞ്ചാംക്ലാസില്‍ തുടങ്ങിയ അഭിനയം പിന്നീടങ്ങോട്ട് തുടര്‍ന്നതുതന്നെ എന്റെ അഭിനയമോഹത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു.

സംവിധായക കുപ്പായം ചെറുപ്പത്തിലേ തുന്നിയിരുന്നോ?

അക്കാലത്തൊക്കെ നാടകം സംവിധാനം ചെയ്യുന്നവരോട് എനിക്ക് വലിയ ആരാധനയായിരുന്നു. പേപ്പറില്‍ എഴുതി തയ്യാറാക്കുന്ന കഥകളും അതിലെ സംഭാഷണങ്ങളും കഥാപാത്രത്തിലേക്ക് അവര്‍ സന്നിവേശിപ്പിക്കുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അന്നേ സംവിധാനം എന്നിലും ഒരു മോഹമായി തുടങ്ങി. അവസാനം കൊല്ലത്ത് നളന്ദ ട്യൂട്ടോറിയല്‍ കോളജ് നടത്തിയിരുന്ന ദിലീപ്കുമാര്‍ എന്ന അദ്ധ്യാപകന്‍ എന്നെ സഹായിക്കാമെന്നേറ്റു. അദ്ദേഹം ചിട്ടപ്പെടുത്തിയ പാറകള്‍ എന്ന നാടകത്തിലൂടെ ഞാനെന്റെ സ്വപ്നം പൂവണിയിച്ചു. ആദ്യ സംരംഭം മോശമല്ലായിരുന്നു എന്നത് പ്രേക്ഷകപ്രതികരണത്തോടെ ബോധ്യപ്പെട്ടത് മുന്നോട്ടു സഞ്ചരിക്കാന്‍ പ്രേരണയായി.

ഇതിനിടയില്‍ കൊച്ചിയിലേക്ക് കുടിയേറ്റക്കാരനായത്..?

പാറകള്‍ സംവിധാനം ചെയ്യുന്നതോടെ സ്‌കൂളില്‍ അത്യാവശ്യം 'ബുജി' പരിവേഷത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ റയില്‍വേ ഉദ്യോഗസ്ഥനായ അച്ഛന്റെ ട്രാന്‍സ്ഫര്‍ ആ പരിവേഷത്തിന് വിലങ്ങുതടിയായി. എറണാകുളത്തേക്കായിരുന്നു സ്ഥലംമാറ്റം. അങ്ങനെ ഹൈക്കോടതിക്ക് അടുക്കലുള്ള പഴയ ഇ.ആര്‍.ജി. റയില്‍വേ ക്വാര്‍ട്ടേഴ്‌സിലേക്ക് ഞങ്ങ ള്‍ താമസം മാറ്റി..

കൊച്ചി കലാവാസനകള്‍ക്ക് പ്രോത്സാഹനമേകിയോ?

കൊച്ചി സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂളിലായിരുന്നു എട്ടാംതരം മുതലുള്ള എന്റെ വിദ്യാഭ്യാസം. കൊല്ലത്തെ കൂട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്ന സങ്കടം കുറേനാള്‍ അലട്ടിയെങ്കിലും ഞാന്‍ പെട്ടെന്നുതന്നെ കൊച്ചിയുമായി ഇഴുകിച്ചേര്‍ന്നു. ശരിക്കും എന്റെ അഭിനയത്തിനും സംവിധാനത്തിനുമെല്ലാം ഇരുത്തം വന്നുതുടങ്ങിത് സെന്റ്. ആല്‍ബര്‍ട്‌സില്‍ ആയിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഞാന്‍ സജീവമായത് കൊച്ചിക്കാരനായ ശേഷമാണ്.

പഠനത്തില്‍ ഉഴപ്പാത്തതുകൊണ്ട് വീട്ടുകാരുടെ ഭാഗത്തുനിന്നും എന്റെ കലാവാസനയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മറിച്ച് വാപ്പയും ഉമ്മയും അവര്‍ക്കാകുന്ന വിധത്തിലുള്ള പ്രോത്സാഹനവും എനിക്കു തന്നു. അതിന്റെ നന്ദിസൂചകമെന്നോണം ക്ലാസില്‍ ഒന്നാമനോ രണ്ടാമനോ ആകാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മഹാരാജാസിന്റെ മണ്ണിലേക്ക്...?

അക്കാലത്ത് പത്താംക്ലാസ് കഴിയുന്ന ഏവരുടെയും സ്വപ്നം മഹാരാജാസിന്റെ മുറ്റമായിരുന്നു. എന്റെ സ്വപ്നങ്ങളിലും മഹാരാജാസ് നിറഞ്ഞുനിന്നിരുന്നു. ഇടിച്ചുതള്ളലില്‍ ആദ്യം അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍ ആകെ നിരാശനായി. എന്നാല്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ എങ്ങനെയോ അഡ്മിഷന്‍ ലഭിച്ചു. ഇല്ലായിരുന്നെങ്കില്‍ പഠനം പത്താം€ാസോടെ ഉപേക്ഷിക്കാന്‍പോലും ഞാന്‍ തയ്യാറായേനെ.

മഹാരാജാസിനെപ്പറ്റി ഇന്നും വെറുതെ ഓര്‍ത്തിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ പഠിച്ച കാലയളവില്‍ അവിടെ എല്ലാത്തിനും മന്ത്രിമാര്‍ ഉണ്ടായിരുന്നു. സ്‌പോര്‍ട്‌സിന് ഒരു മന്ത്രി, ആര്‍ട്‌സിന് ഒരു മന്ത്രി അങ്ങനെ ഓരോ വിദ്യാര്‍ത്ഥിപ്രതിനിധികളും മന്ത്രിമാരായിട്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ കാര്യം നോക്കിയിരുന്നത്. ഒരിക്കല്‍ ആര്‍ട്‌സ് മന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.

പ്രണയത്തിന്റെ വിത്തുപാകിയത്..?

ആ പ്രായത്തില്‍ പ്രണയിക്കാന്‍ തോന്നാത്ത ആരാ ഉള്ളത്? എനിക്കും തോന്നി ഒരു പ്രണയം. ടീസയോട്. എന്റെ ഒരു വര്‍ഷം ജൂനിയറായ ടീസ പക്ഷേ മഹാരാജാസ് പ്രോഡക്ട് ആയിരുന്നില്ല. പെണ്‍പുലികളുടെ നാട്ടില്‍ നിന്നായിരുന്നു അവളുടെ വരവ്. സാക്ഷാല്‍ സെന്റ് തെരേസസില്‍നിന്ന്.

അക്കാലത്തു നടന്ന ഇന്റര്‍ ികോളജിയേറ്റ് മത്സരങ്ങളില്‍നിന്നും യൂണിവേഴ്‌സിറ്റിക്കായി ഒരു ടീമിനെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനും ടീസയും യൂണിവേഴ്‌സിറ്റിടീമില്‍ അംഗങ്ങളായി. മാസങ്ങളോളം ഞാന്‍ പ്രണയം മനസില്‍ കൊണ്ടുനടന്നു. അവസാനം രണ്ടുംകല്പിച്ച് ഞാനതങ്ങു തുറന്നുപറഞ്ഞു. സംഗതി €ീന്‍! പ്രതീക്ഷിച്ച യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ടീസ എനിക്ക് ഗ്രീന്‍ സിഗ്നല്‍ കാട്ടി. പിന്നീടങ്ങോട്ട് പ്രേമത്തേരില്‍ അനുരാഗവിലോചിതരായി ഞങ്ങള്‍ ക്യാമ്പസ് ജീവിതം ധന്യമാക്കിത്തീര്‍ത്തു.

സിനിമ മനസില്‍ അധികാരം പ്രാപിച്ചത്..?

പലരിലെന്നപോലെ എന്നിലും മഹാരാജാസ് സിനിമയുടെ സ്വപ്നങ്ങള്‍ പൂവണിയിച്ചു. അക്കാലത്ത് എന്റെ സീനിയേഴ്‌സ് ആയിരുന്ന രാജീവ് രവിയോടും അമല്‍ നീരദിനോടും ഒന്നിച്ചായിരുന്നു ക്ലാസ് കട്ടുചെയ്യലും സിനിമാ കാണലും. സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഞങ്ങളില്‍ ചൂടുപിടിച്ചു. ഫിലിം ക്ലബ്ബുകളിലും ഡ്രാമാക്ലബ്ബിലും ഞങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു.

1993-ല്‍ തിരുവനന്തപുരത്തു നടന്ന സൂര്യ ഫിലിം ഫെസ്റ്റിവലാണ് ജീവിതഗതി തിരിച്ചുവിടുന്നത്. ലോകസിനിമകള്‍ കണ്ട് ഞങ്ങള്‍ അന്തിച്ചിരുന്നുപോയി. കുട്ടിക്കളി മാറ്റിവച്ച് സിനിമയെ ഗൗരവപൂര്‍വം കണ്ടുതുടങ്ങുന്നത് അന്നു മുതലാണ്. സിനിമയ്ക്കു വേണ്ടിയാണു ജീവിക്കേണ്ടതെന്ന തിരിച്ചറിവ് സമ്മാനിച്ചതും സൂര്യ ഫെസ്റ്റിവല്‍ ആയിരുന്നു.

ജീവിതത്തെ മാറ്റിമറിച്ചതില്‍ ചെന്നൈയുടെ പങ്ക്..?

ഡിഗ്രി പൂര്‍ത്തിയാക്കി മഹാരാജാസിനോട് വിടപറയുമ്പോള്‍ മനസ് മുഴുവനായും സിനിമയില്‍ മുഴുകിയിരുന്നു. എങ്ങനെയെങ്കിലും ആ മേഖലയില്‍ എത്തിപ്പെടുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചിന്ത. ആ സമയത്ത് ചേട്ടന് ചെന്നൈയില്‍ കോസ്റ്റ്ഗാര്‍ഡില്‍ ജോലി ലഭിച്ചു. ചേട്ടനോടൊത്ത് ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ വീട്ടുകാര്‍ ആലോചിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു. സിനിമാലോകത്ത് എളുപ്പം എത്തിപ്പെടാനുള്ള മാര്‍ഗം ചെന്നൈയാണെന്ന് ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു.

സിനിമാമോഹം സാക്ഷാത്ക്കരിക്കാന്‍ ഒരു എളുപ്പമാര്‍ഗം അന്ന് മഹാരാജാസില്‍ പ്രൊഫസര്‍ ആയിരുന്ന സി.ആര്‍. ഓമനക്കുട്ടന്‍സാര്‍ ഉപദേശിച്ചു തന്നു. ചെന്നൈ മറീനാ ക്യാമ്പസില്‍ എം.എ. മലയാളത്തിന് ചേരുക. അവിടെ ക്ലാസെടുക്കുന്നതില്‍ പ്രമുഖനായ ഡോ. രാജേന്ദ്രബാബു അക്കാലത്തെ ഹിറ്റുകളുടെ തിരക്കഥാകൃത്താണ്. ഗുരു ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കോടികള്‍ കൊയ്യുന്ന സമയം. അദ്ദേഹം വിചാരിച്ചാല്‍ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്ന് അമല്‍നീരദിന്റെ പിതാവുകൂടിയായ ഓമനക്കുട്ടന്‍സാറിന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ ഞാന്‍ അടുത്ത വണ്ടിയില്‍ ചെന്നൈയിലെത്തി.

സംവിധാനമോഹവുമായി ചെന്നൈയില്‍ എത്തിച്ചേര്‍ന്ന എനിക്ക് വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ജോഷിസാര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ സംവിധായകരുടെയും വീട്ടില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി. നിരാശയിലേക്ക് കൂപ്പുകുത്തിയ എന്നെ രക്ഷിച്ചത് ഡോ: രാജേന്ദ്രബാബുസാര്‍ തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രഘുനാഥ് പലേരിയുടെ അടുക്കല്‍ ഞാന്‍ എത്തി. ഞാന്‍ ആരാധനയോടെ മാത്രം നോക്കിക്കാണുന്ന അദ്ദേഹത്തോടൊപ്പം വര്‍ക്ക്‌ചെയ്യാന്‍ കഴിയണേ എന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ എനിക്കന്നേരം ഉണ്ടായിരുന്നുള്ളൂ. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഒറ്റ സിനിമ മതിയായിരുന്നു ആ പ്രതിഭയുടെ തിളക്കത്തിന് മാറ്റുകൂട്ടാന്‍! കൂടാതെ ഒന്നു മുതല്‍ പൂജ്യംവരെ, പൊന്‍മുട്ടയിടുന്ന താറാവ് എന്നീ ഹിറ്റുകളുടെ കഥാകൃത്ത് എന്ന രീതിയിലും ഞാന്‍ അദ്ദേഹത്തിന് എന്റെ മനസില്‍ കൊടുത്ത സ്ഥാനം വളരെ വലുതായിരുന്നു.

എന്റെ ആഗ്രഹം ഒരിക്കലും അദ്ദേഹം നിരസിച്ചില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയായ വിസ്മയത്തില്‍ ഒപ്പം കൂടാനുള്ള അനുവാദം എനിക്കുതന്നു. സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ആദ്യ പ്രതിഫലം വിസ്മയിപ്പിക്കുകയായിരുന്നു. സാധാരണ തുടക്കക്കാരായ പല സഹസംവിധായകര്‍ക്കും കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും അദ്ദേഹമെനിക്ക് അനുവദിച്ചു. എഡിറ്റിങ്ങ് ടേബിളില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിഴലായി എന്നെ കൂടെ നിര്‍ത്തി. ഒരുപക്ഷേ 10 സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാലും ലഭിക്കാത്ത അറിവുകളായിരുന്നു ഒറ്റ സിനിമയിലൂടെ അദ്ദേഹം എനിക്ക് നല്‍കിയത്.

സിനിമ അവസാനിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ 8000 രൂപ എന്റെ ജീവിതത്തിലെ ആദ്യ പ്രതിഫലമായി. അന്നത്തെ കാലത്തെ വലിയ തുകതന്നെയായിരുന്നു അത്. അതു വാപ്പയുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ എന്റെയുള്ളില്‍ നിറഞ്ഞുനിന്ന വികാരം എന്തായിരുന്നു എന്ന് എനിക്കിന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

സിനിമയില്‍ സജീവമാകുന്നത്..?

കൃത്യമായി ഇടവേളകള്‍ സൃഷ്ടിക്കുന്ന പലേരി സാര്‍ തന്നെയാണ് മറ്റ് സംവിധായകരുടെ അരികിലേക്ക് എന്നെ അയയ്ക്കുന്നത്. അങ്ങനെ നല്ല സിനിമകളുടെ ഭാഗമായി കുറച്ച് നല്ല സംവിധായകരോടൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു.

കെ. മധു, താഹ, സുന്ദര്‍ദാസ്, നിസാര്‍, എ.കെ. സാജന്‍, വിനോദ് എന്നീ സംവിധായകര്‍ എനിക്കു പകര്‍ന്നുതന്ന പാഠങ്ങള്‍ എന്റെ മുന്നോട്ടുള്ള വഴിത്താരകള്‍ക്കും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. നിരവധി സംവിധായകരുടെ കൂടെ സജീവമായതുകൊണ്ടുതന്നെ വ്യത്യസ്ത ശൈലികള്‍ പഠിക്കാന്‍ കഴിഞ്ഞു.

സിനിമയില്‍ നിന്നൊരു കൂടുമാറ്റം..?

8000 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ എന്റെ ഗ്രാഫ് നാള്‍ക്കുനാള്‍ കഴിയുംതോറും താഴേക്ക് കൂപ്പുകുത്തി. അവസാനം പ്രതിഫലം 2000-ല്‍ എത്തിയപ്പോള്‍ അതുകൊണ്ട് ജീവിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ സഹസംവിധായക കുപ്പായം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

മനസിലുള്ള ഒരു കഥയുമായി നേരെ മമ്മുക്കയെ കാണാനായി അടുത്തയാത്ര. കഥ വായിച്ച അദ്ദേഹം സ്‌ക്രിപ്റ്റ് ആക്കാനായി ആവശ്യപ്പെട്ടു. എഴുതാനുള്ള മടിയോര്‍ത്ത് മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ സഹസംവിധായകനായിത്തന്നെ വീണ്ടും വേഷം കെട്ടാന്‍ തീരുമാനിച്ചു.

വേഷപ്പകര്‍ച്ചയിലേക്ക്...?

2005-ല്‍ രഞ്ജിത്ത് മമ്മൂട്ടിയെവച്ച് ചെയ്യാനിരുന്ന സിനിമയിലേക്ക് സഹസംവിധായകനായി എന്നെ വിളിച്ചു. ഹോട്ടല്‍മുറിയില്‍ തിരക്കഥാകൃത്തുമായി ചര്‍ച്ച ആയിരുന്നു ആദ്യ ജോലി. വൈകുന്നേരംവരെ ചൂടുപിടിച്ച ചര്‍ച്ച. അപ്പോഴാണ് മമ്മൂക്ക റൂമിലേക്ക് വരുന്നത്. എന്റെയരികിലേക്ക് എത്തിയ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ചുപോയ എനിക്ക് തിരിച്ച് ഒരു ഉത്തരംപോലും പറയാന്‍ സാധിച്ചില്ല. സമനില വീണ്ടെടുത്ത് ഞാന്‍ പെട്ടെന്നു തന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അങ്ങനെ അപ്രതീക്ഷിതമായി രാജമാണിക്യം എന്ന സിനിമയിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായി മാറി. എന്റെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവം തന്ന സമ്മാനത്തിനു മുമ്പില്‍ അറിയാതെ ഞാനൊന്നു വിതുമ്പിപ്പോയി.

വിവാഹജീവിതത്തിലേക്ക്..?

മഹാരാജാസില്‍ തുടങ്ങിയ ടീസയോടൊത്തുള്ള പ്രണയം രാജമാണിക്യത്തിന്റെ സമയത്ത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ആദ്യ സിനിമ ഹിറ്റായ സന്തോഷത്തി ല്‍ ഇസ്ലാമായ ഞാന്‍ അന്യമതസഥയായ ടീസയുടെ വീട്ടില്‍ കല്യാണാലോചനയുമായി എത്തി. ടീസയുടെ ചേച്ചി സുമാജയറാം അക്കാലത്ത് അറിയപ്പെടുന്ന സിനിമാ സീരിയല്‍ നടിയായിരുന്നു. അതുകൊണ്ടായിരിക്കാം അന്യമതസ്ഥന്‍ കൂടിയായിരുന്നിട്ടും ഒരു സിനിമാക്കാരന് ടീസയെ വിവാഹം കഴിച്ചുനല്‍കുന്നതില്‍ അവളുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത്. അങ്ങനെ ടീസ എന്റെ കുടുംബിനിയായി.

രാജമാണിക്യം എന്ന ഹിറ്റിനുശേഷമുള്ള നീണ്ട ഗ്യാപ്പ്..?

രാജമാണിക്യം ഹിറ്റായപ്പോള്‍ അത് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പോക്കിരിയുടെ നിര്‍മ്മാതാവ് എന്നെ കൂട്ടിക്കൊണ്ടുപോയി. ശരത്കുമാറിനെ വച്ച് ചെയ്യാനായിരുന്നു പദ്ധതി. നീണ്ട ഒന്നരവര്‍ഷം ഹോട്ടല്‍മുറിയില്‍ സ്വസ്ഥമായി കഴിഞ്ഞ എനിക്ക് അവസാനം മനസിലായി ഈ പ്ലാന്‍ നടക്കില്ല എന്ന്. അതുകൊണ്ടുതന്നെ അടുത്ത മലയാള സിനിമയ്ക്കായി കേരളത്തില്‍ എത്തിയപ്പോള്‍ മന:പൂര്‍വ്വമല്ലാത്ത രണ്ടുവര്‍ഷത്തെ ഇടവേള എന്റെ കരിയറില്‍ സംഭവിച്ചിരുന്നു.

രാജമാണിക്യം, അണ്ണന്‍തമ്പി, ഛോട്ടാമുംബൈ.. അവയില്‍നിന്നും വ്യത്യസ്തമായ ബ്രിഡ്ജ്, ഉസ്താദ് ഹോട്ടല്‍?

ടൈപ്പ് ചെയ്യപ്പെടുന്ന സംവിധായകനായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തരം സിനിമകളും ചെയ്യാന്‍ എനിക്ക് താല്പര്യമാണ്. കലാമൂല്യങ്ങളുള്ള ചിത്രങ്ങളും അക്കൂട്ടത്തില്‍ എന്ന ചിന്തയാണ് അടിപൊളി പടങ്ങള്‍ക്കുശേഷം ബ്രിഡ്ജും ഉസ്താദ് ഹോട്ടലും ചെയ്യാന്‍ എന്നെ തയ്യാറാക്കിയത്.

കുടുംബവിശേഷം?

വാപ്പയുടെ മരണശേഷം ഉമ്മ കൊല്ലത്തുതന്നെ സ്ഥിരതാമസമാക്കി. സ്വന്തം നാടുപേക്ഷിക്കാനുള്ള ഉമ്മയുടെ വേദനയായിരിക്കാം അതിനു പിന്നില്‍. സിനിമയുടെ തിരക്കു കാരണം ഞാന്‍ ടീസയോടും ആദിയോടും അദിതിയോടുമൊത്ത് എറണാകുളത്ത് താമസിക്കുന്നു.

പുത്തന്‍ പ്രതീക്ഷകള്‍..?

മലയോളം ഞാന്‍ ആഗ്രഹിക്കുന്നു... കുന്നോളമെങ്കിലും കിട്ടാന്‍...

0 comments:

Post a Comment